മൂന്നാര്‍: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മഴ ശക്തമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന മൂന്നാര്‍ സാധാരണ നിലയിലേക്ക്‌ തിരിച്ചുവരുന്നതിന്നിടെയാണ് വീണ്ടും മഴയെത്തിയത് . മഴ കനത്തതോടെ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിന്‍റെ രണ്ട്‌ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ മൂന്നാര്‍‍, മുതിരപ്പുഴ, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലയില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന്‌ ഇടുക്കി ജില്ലാ കലക്‌ടര്‍ അറിയിച്ചു . 


നീലക്കുറിഞ്ഞി പൂത്തതോടെ വിനോദസഞ്ചാരികള്‍ കൂട്ടമായി മൂന്നാറില്‍ എത്താന്‍ ആരംഭിച്ച ഘട്ടത്തിലാണ് വില്ലനായി മഴയെത്തിയത്‌. ഇതോടെ മൂന്നാറിലേക്കുള്ള റോഡുകള്‍ തകരുകയും വാഹനഗതാഗതം നിലയ്ക്കുകയും ചെയ്തു. നീലക്കുറിഞ്ഞി പൂവിട്ടു നില്‍ക്കുന്ന രാജമലയിലേക്കുള്ള റോഡില്‍ പെരിയവരെ എസ്റ്റേറ്റിനു സമീപം പ്രധാന പാലം തകര്‍ന്നതും നീലക്കുറിഞ്ഞി കാണാനെത്തിയവരെ നിരാശപ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്ക് പോകരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ഉണ്ട്. ഇത്‌ മൂന്നാറിന്‍റെ വിനോദസഞ്ചാരമേഖലക്ക്‌ കനത്ത ആഘാതമാണ്. 


ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനെത്തുടര്‍ന്ന് നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പാലക്കാട് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. തുടര്‍ച്ചയായി ഉരുള്‍പൊട്ടുന്ന മേഘലയായതിനാലാണ് ഇത്. കൂടാതെ, മലയോരമേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കാനും പൊതു നിര്‍ദേശമുണ്ട്.