കൊച്ചി: പെരുമ്പാവൂർ ജിഷ കേസില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് വിചാരണ കോടതിയുടെ നിർദേശം. കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന മുൻ ഡിജിപി ജേക്കബ് തോമസിന്‍റെ റിപ്പോർട്ട് സമർപ്പിക്കാൻ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതിയാണ് നിർദേശിച്ചത്. കേസിന്‍റെ അന്തിമവാദം ഈ മാസം 21 ന് തുടങ്ങും.


ജിഷ കേസ് അന്വേഷണത്തിൽ തുടക്കം മുതൽ പാളിച്ച പറ്റിയെന്ന ജേക്കബ് തോമസിന്‍റെ റിപ്പോർട്ട് വിവാദമായിരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് കോടതിയിൽ നിലനിൽക്കില്ലെന്നും ആണ് അന്നത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സർക്കാരിനു റിപ്പോർ‍ട്ട് നൽകിയത്.  ഇത്തരമൊരു റിപ്പോർട്ട് നൽകാൻ വിജിലൻസിന് അധികാരം ഇല്ലെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. സർക്കാരിനെയും റിപ്പോർട്ട്  പ്രതിരോധത്തിലാക്കി. വിചാരണ തുടങ്ങിയ ശേഷം കോടതി നിർദേശമില്ലാതെ നടത്തിയ അന്വേഷണം അനുചിതമെന്ന് കോടതിയും നിരീക്ഷിച്ചു. എന്നാൽ അന്വേഷണ റിപ്പോർട്ട്​ സമർപ്പിക്കണം എന്നാണ് ഇപ്പോൾ കോടതി വിജിലൻസിന്​ നൽകിയിരിക്കുന്ന നിർദേശം. റിപ്പോർട്ട്​ സമര്‍പ്പിക്കാന്‍ നിർദേശം നൽകണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം പരിഗണിച്ചാണ്​ കോടതിയുടെ നടപടി. നേരത്തെ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ജിഷ വധക്കേസിലെ അന്തിമ വാദം തുടങ്ങുന്നതിന് മുന്നോടിയായാണ് കോടതിയുടെ നിർദേശം. ഈ മാസം 21 ന് കേസിൽ അന്തിമ വാദം തുടങ്ങും. പ്രതിഭാഗം സാക്ഷി വിസ്​താരം പൂർത്തിയായതിനെ തുടർന്നാണ്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി കേസ്​ അന്തിമ വാദം കേൾക്കാനായി മാറ്റിയത്​.