തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ കര്‍ശന നിലപാടുകളില്‍ ഉറച്ച് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശ്ശൂര്‍ പൂരത്തിന് ആനകളെ ഇറക്കുന്നതിലുള്ള വിലക്ക് ഒരാനയെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും കോടതിയുടെ ഉത്തരവ് എന്ത് തന്നെയായാലും അത് പാലിക്കുമെന്നും അനുപമ പറഞ്ഞു. 


നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾക്ക് മെയ് 12 മുതൽ 14 വരെ  വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം ആനകളെ ഈ കാലയളവില്‍ തൃശൂർ നഗരത്തിൽ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി.


തൃശ്ശൂര്‍ പൂരത്തിന്‍റെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 


നാളത്തെ കോടതി വിധിയ്ക്കനുസരിച്ചാകും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍റെ വിലക്കിന്‍റെ കാര്യം തീരുമാനിക്കുകയെന്നും നിലവില്‍ ആനയുടെ വിലക്ക് നീക്കിയിട്ടില്ലെന്നും അനുപമ അറിയിച്ചു. 


അതേസമയം, മെയ് 11 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ക്കോ പൊതു പരിപാടികള്‍ക്കോ ആനകളെ വിട്ടു നല്‍കേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആന ഉടമകള്‍. 


കേരള എലഫെന്‍റ് ഓണേഴ്‌സ് ഫെഡറേഷനാണ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. തൃശൂർ പൂരം അട്ടിമറിക്കാനുള്ള ഗുഢനീക്കത്തിന്‍റെ ഫലമാണ് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കാനുള്ള കാരണമെന്നും ഉടമകൾ അറിയിച്ചു. 


മറ്റ് വിവരങ്ങള്‍: 


സാമ്പിള്‍ വെടിക്കെട്ട് 11 ന് നടക്കു൦. പാറമേക്കാവിന്‍റേത് വൈകിട്ട് ഏഴു മുതല്‍ ഒമ്പതു വരെയും തിരുവമ്പാടിയുടേത് ഏഴുമുതല്‍ എട്ടര വരെയും നടക്കും. 


പ്രധാന വെടിക്കെട്ട് 14 ന് പുലര്‍ച്ചെ നടക്കും. ഇതില്‍ പാറമേക്കാവിന്‍റേത് മൂന്നുമുതല്‍ ആറുവരെയും തിരുവമ്പാടിയുടേത് മൂന്നുമുതല്‍ അഞ്ചുവരെയും നടക്കും.


പകല്‍പൂരത്തിനോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട് 14 ന് നടക്കും. പാറമേക്കാവിന്റേത് ഉച്ചയ്ക്ക് 11.30 മുതല്‍ രണ്ടുവരെയും തിരുവമ്പാടിയുടേത് 12.30 മുതല്‍ ഒന്നര വരെയും നടക്കും. 


വെടിക്കോപ്പുകളുടെ സുരക്ഷയ്ക്കുള്ള ആളുകളെ നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ട് നിരീക്ഷിക്കാന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാരെ നിയോഗിക്കും. 


തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 13 ന് രാവിലെ ആറുമുതല്‍ 14 ഉച്ചയ്ക്ക് രണ്ടുവരെ ലഹരി നിരോധനമുണ്ട്.  


ഡ്രോണുകള്‍, ഹെലി ക്യാം, ലേസര്‍ ലൈറ്റുകള്‍ എന്നിവ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധിച്ചിട്ടുണ്ട്. 


കാഴ്ച മറയ്ക്കുന്ന ട്യൂബ് ബലൂണുകള്‍ക്കും നിരോധനമുണ്ട്. ചടങ്ങുകളുടെ സമയത്ത് ഉറക്കെ ശബ്ദമുണ്ടാക്കുന്ന വിസിലുകളുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകും.


പൂരത്തിനെത്തുന്നവര്‍ തോള്‍ ബാഗ് ഒഴിവാക്കണം. ആംബുലന്‍സ് സൗകര്യം കൂടുതല്‍ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തും. 


ദൂരസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് പൂരം വീക്ഷിക്കാന്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിക്കും. 


എല്ലാ വകുപ്പുകളുടെയും നോഡല്‍ ഓഫീസുകള്‍ സജ്ജീകരിക്കും. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടര്‍ച്ചയായി ഉണ്ടാകും.