തിരുവനന്തപുരം: ബിജെപി നേതാവും എംപിയുമായ വി. മുരളീധന്‍ തന്‍റെതന്നെ പ്രസ്താവനയില്‍ കുരുങ്ങിയിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമല സ്ത്രീപ്രവേശന വിധിയെ എതിര്‍ത്ത്, ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്നാവശ്യപ്പെട്ട്   ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധസമരം നയിക്കാന്‍ നേതാക്കളുടെ നീണ്ട നിരയാണ്. പ്രക്ഷോഭം നയിക്കാന്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ ബിജെപി മുന്‍ അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ വി. മുരളീധരനും സംഘവും എത്തിയിരുന്നു. 


ശബരിമലയില്‍ എത്തിയ മുരളീധരന്‍, കോടതിവിധിയുടെ പേരില്‍ ആചാരങ്ങളെ മാറ്റാനാവില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. 


എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തിന്‍റെ ഭരണഘടനയെയും സുപ്രീംകോടതി വിധികളെയും പ്രകീര്‍ത്തിച്ച് നടത്തിയ പ്രസ്താവന ഇപ്പോള്‍ മുരളീധരനെ തിരിഞ്ഞ് കൊത്തുകയാണ്. നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോടതിവിധിയെ പരാമര്‍ശിക്കുമ്പോഴായിരുന്നു മുരളീധരന്‍റെ പരാമശം. ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്‍റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാന്‍ കഴിയാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് അന്ന് വി മുരളീധരന്‍ പറഞ്ഞത്. 2015ല്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ ആയിരുന്നു മുരളീധരന്‍റെ ഈ പ്രസ്താവന. 


പക്ഷെ ഇന്ന് പ്രസ്താവന തിരിച്ചാണ്. കോടതിവിധിയും ഭരണഘടനയുമല്ല വിശ്വാസമാണ് വലുതെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപിയും ഇതേ മുരളീധരനും ശബരിമലയില്‍ സമരകോലാഹലങ്ങള്‍ സൃഷ്‌ടിക്കുന്നത്. 


അതേസമയം, മുരളീധരന്‍റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിഷയത്തില്‍ മുരളീധരന്‍ മലക്കം മറിഞ്ഞുവെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ കോടതി വിധിയെ എതിര്‍ക്കുകയാണെന്നുമാണ് വിമര്‍ശകരുടെ ആരോപണം. 


ഹിജാബ് ഒരു ദിവസം ധരിച്ചില്ലെന്നു വെച്ച് മതവിശ്വാസം ഇല്ലാതാകില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്ത അന്ന് അഭിപ്രായപ്പെട്ടത്. 


അതേസമയം, കോടതിയുടെ ഈ പരാമര്‍ശത്തെ എതിര്‍ത്ത് മുസ്ലിം ലീഗും കോണ്‍ഗ്രസും രംഗത്ത് വന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസത്തിനെതിരാണ് സുപ്രീം കോടതിയുടെ പരാമര്‍ശമെന്ന് യുഡിഎഫ് നേതാക്കളായ വി.എം സുധീരനും ഇ.ടി. മുഹമ്മദ് ബഷീറും നിലപാട് സ്വീകരിച്ചിരുന്നു.