തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് യു.എ.ഇ 700 കോടിയുടെ സഹായ വാഗ്ദാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന യു.എ.ഇ അംബാസിഡറുടെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


COMMERCIAL BREAK
SCROLL TO CONTINUE READING

700 കോടി കൊടുക്കാമെന്ന് യു.എ.ഇ പറഞ്ഞതായി മുഖ്യമന്ത്രി നമ്മളെ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ചില വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം തന്നെ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് നല്ലത്. മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തന്നെ വ്യക്തത ഉണ്ടാവേണ്ട കാര്യമാണിത്- ചെന്നിത്തല പറഞ്ഞു.


യു.ഇ.എ 700 കോടി രൂപയുടെ സഹായം നല്‍കുമെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്ന് ചെന്നിത്തല സൂചിപ്പിച്ചു. വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് ഈ ദുരന്തത്തിന് കാരണമെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. കേരളത്തില്‍ ഡാം ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.


സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അന്വേഷിക്കുമോ എന്ന് നമുക്ക് നോക്കാമെന്നായിരുന്നു ചെന്നിത്തല മറുപടി നല്‍കിയത്.