തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. കന്റോണ്‍മെന്റ് ഹൗസില്‍ രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. ശബരിമല യുവതീ പ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും. യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികളും യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.


ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്റിലും ആചരിക്കാന്‍ നടത്തിയ നീക്കം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. കേരളത്തില്‍നിന്നുള്ള എംപിമാരാണ് പാര്‍ലമെന്റില്‍ ബുധനാഴ്ച കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. 


ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തള്ളുകയാണ് ചെയ്തത്. 


ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ ഭിന്നതയോ ആശയക്കുഴപ്പമോ ഇല്ലെന്നും ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനമെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.