സംസ്ഥാന സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ഊരാളുങ്കല്‍ കന്‍സ്ട്രഷന്‍ സൊസൈറ്റി വീണ്ടും വിവാദത്തില്‍.ഇടത് പക്ഷ കോട്ടയായ കിളിമാനൂരിലെ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെട്ടിട നിര്‍മാണവുമായി ബന്ധപെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.ഇവിടെ പണി പൂര്‍ത്തിയകാറായ കെട്ടിടം അപകട നിലയില്‍ എന്ന് സാങ്കേതിക വിദഗ്ധ സമിതി പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പണി പൂര്‍ത്തിയാകാറായ കെട്ടിടം മണ്ണ് പരിശോധന നടത്തതെയാണെന്നും കെട്ടിടംപണി നിര്‍ത്തിവെയ്ക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ബലക്ഷയം കാരണം ഏത് നിമിഷവും കെട്ടിടം നിലം പൊത്താവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.രണ്ട് കോടി രൂപ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.




പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സാങ്കേതിക സമിതി സമര്‍പ്പിക്കുകയും ചെയ്തു.നേരത്തെ തന്നെ ഊരാളുങ്കലിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.ലോക കേരള സഭയുമായി ബന്ധപെട്ട് വേദിയുടെ നിര്‍മ്മാണം എല്ലാ കീഴ്വഴക്കങ്ങളും മറികടന്ന് ഊരാളുങ്കലിന് നല്‍കിയെന്ന് പ്രതിപക്ഷം ആരോപണവുമായി രംഗത്ത് വന്നിരിന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഊരാളുങ്കല്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്.


അതേസമയം കെട്ടിടത്തിന് അപകടഅവസ്ഥയില്ലെന്ന വിശദീകരണവുമായി സ്കൂള്‍ പിടിഎ രംഗത്ത് വന്നിട്ടിണ്ട്.തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്നുള്ള വിദഗ്ധ സമിതി നടത്തിയ പരിശോധനയില്‍ ബലക്ഷയം ഇല്ലെന്ന് കണ്ടെത്തിയെന്നും പിടിഎ വിശദീകരിക്കുന്നു.അതേസമയം സാങ്കേതിക സമിതി റിപ്പോര്‍ട്ട് ഊരാളുങ്കലിനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.