എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപിയ്ക്കെതിരെ വിമര്‍ശനവുമായി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ വി. ശിവന്‍കുട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിമന്യുവിന്‍റെ വീട് സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപി അവിടെയുള്ള നാട്ടുകാര്‍ക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെതിരെയാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം.


എങ്ങനെയാണ് നിങ്ങള്‍ക്കിങ്ങനെ പൊട്ടിച്ചിരിച്ച്‌ സെല്‍ഫി എടുക്കാന്‍ കഴിയുന്നതെന്നും സെല്‍ഫി എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ ബിജെപി അംഗമായതിനു ശേഷമാകുമെന്നും ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു. 


ജീര്‍ണിച്ച രാഷ്ട്രീയമാണ് ബിജെപിയുടെതെന്നും അതില്‍ അംഗമായ താങ്കളിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും പോസ്റ്റില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്.



വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ സുരേഷ് ഗോപി, എല്ലാവരുടെയും കൂടെ സെല്‍ഫി എടുത്താണ് മടങ്ങിയത്. സെല്‍ഫിയുടെ പ്രത്യയശാസ്ത്രം എന്തുമാകട്ടെ, ആശ്വസിപ്പിക്കാനെത്തിയവര്‍ വട്ടവടക്ക് വിനോദയാത്ര വന്നപോലെയാണ് പെരുമാറിയതെന്ന് അഭിമന്യൂവിന്‍റെ സുഹൃത്തുക്കള്‍ ആരോപിച്ചു.


നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലാണ് എസ്‌എഫ്‌ഐയുടെ വിദ്യാര്‍ഥി നേതാവ് അഭിമന്യൂവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. വട്ടവടക്കാര്‍ക്ക് വളരെയധികം ആത്മബന്ധമുണ്ടായിരുന്ന പ്രിയ സഖാവിന്‍റെ വേര്‍പ്പാടിന്‍റെ ഞെട്ടലില്‍ നിന്ന് ആരും ഇതുവരെ മുക്തരായിട്ടില്ല. 



ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 


ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ.


ഒരു നാടാകെ മുസ്ലിം വർഗ്ഗീയവാദികൾ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓർത്ത്‌ വിലപിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നൽകിയ ആഘാതം 
താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന 
കാഴ്ചകൾ നവമാധ്യമങ്ങൾ,മാധ്യമങ്ങൾ മുതലായവയിൽ കാണുകയാണ്.


അപ്പോഴാണ് BJPനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്‌ഗോപിയുടെ 
ഇത്തരം കോപ്രായങ്ങൾ കാണാനിടയായത്. 
എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്.സെൽഫി
എടുക്കാൻ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കൾ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാൻ കരുതുന്നത്.


എന്ത് കൊണ്ടെന്നാൽ അത്രയേറെ ജീർണ്ണമായ രാഷ്ട്രീയമാണ് BJP രാജ്യത്ത് ഉയർത്തുന്നത്.അതിലെ അംഗമായ താങ്കളിൽ നിന്ന് ഇതിൽ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല.


ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലത്.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാൾക്കും.