കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എഎസ്‌ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ പിടികൂടുമ്പോള്‍ ജയാനന്ദനായിരുന്നു സ്‌റ്റേഷന്‍ ചുമതല. വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരെയും ചോദ്യം ചെയ്യുകയാണ്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകുമോ എന്ന കാര്യത്തില്‍ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും തീരുമാനമെടുക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ജയാനന്ദന്‍ ഉള്‍പ്പടെയുള്ളവരെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീജിത്തിനെ പിടികൂടി വരാപ്പുഴ സ്റ്റേഷനിലെത്തിക്കുമ്പോള്‍ എസ്‌ഐ അവധിയിലായിരുന്നതിനാല്‍ എഎസ്‌ഐ ജയാനന്ദനായിരുന്നു സ്‌റ്റേഷന്‍റെ ചുമതല. ശ്രീജിത്തടക്കമുള്ളവരെ ആര്‍ടിഎഫുകാര്‍ സ്റ്റേഷനിലെത്തിച്ചതു മുതല്‍ എസ്‌ഐ ദീപക് എത്തുന്നതു വരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചാവും പ്രധാനമായും എഎസ്‌ഐയോട് ചോദിക്കുക.


അതേസമയം കേസില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്കും തിരിച്ചറിയല്‍ പരേഡ് നടത്തും. തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതിയുടെ അനുമതി ലഭിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഇവര്‍ തന്നെയെന്ന് ഉറപ്പിക്കാനാണ് പരേഡ്. പരേഡില്‍ ശ്രീജിത്തിന്‍റെ കുടുംബാംഗങ്ങളെയും അയല്‍വാസികളെയും ഉള്‍പ്പെടുത്തും. വരാപ്പുഴ എസ്‌ഐക്ക് തിരിച്ചറിയല്‍ പരേഡ് നടത്തില്ല.