അരൂര്‍: സംസ്ഥാനത്ത് നിയമസഭ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കനത്ത മഴയിലും വോട്ടവകാശം വിനിയോഗിക്കാന്‍ തികഞ്ഞ ആവേശത്തിലാണ് വോട്ടര്‍മാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

കാണാത മഴമൂലം പോളിംഗ് മന്ദഗതിയിലാണെങ്കിലും അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പ്രതീക്ഷ കൈവിടുന്നില്ല. മഴയെ വകവയ്ക്കാതെ മണ്ഡലത്തിന്‍റെ എല്ലായിടത്തും പരമാവധി എത്താനുള്ള ശ്രമത്തിലാണ് ഷാനിമോള്‍. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്നാണ് ഷാനിമോള്‍ പറയുന്നത്. 


'മഴയെ അവഗണിച്ച്‌ അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെയുളള സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ അങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു', ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.


ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നടക്കുന്നത്. ബിഡിജെഎസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ബിജെപിയും മത്സരരംഗത്തേക്ക് എത്തിയതോടെ ഒരോ വോട്ടും ഉറപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു മുന്നണികള്‍.  2006 മുതല്‍ എഎം ആരിഫിലൂടെ സിപിഎം നിലനിര്‍ത്തുന്ന മണ്ഡലമാണ് അരൂര്‍. ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 38519 വോട്ടിന്‍റെ ഭൂരിപക്ഷ൦ എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റിറ്റും അരൂര്‍ മണ്ഡലത്തില്‍ ലീഡ് പിടിക്കാന്‍ കഴിഞ്ഞതിന്‍റെ കണക്കുകളാണ് യുഡിഎഫ് നിരത്തുന്നത്. 


ഇടത് കോട്ടയായ അരൂരില്‍ ലോക്സഭാതിരഞ്ഞെടുപ്പില്‍ 648 വോട്ടിന്‍റെ ലീഡായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. മറ്റിടങ്ങളിലെല്ലാം പിന്നില്‍ പോയിട്ടും അരൂരില്‍ വലിയ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തരുടെ അക്ഷീണ പരിശ്രമം ഒന്നുകൊണ്ട് മാത്രമായിരുന്നു. അതേ ആവശേത്തില്‍ തന്നെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ യുഡിഎഫിന്‍റെ വിജയ പ്രതീക്ഷയും ഏറുകയാണ്. കുറഞ്ഞത് 3000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും അരൂര്‍ പിടിച്ചെടുക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.