ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്നും തികച്ചു വ്യത്യസ്തമായ ഒരു നിലപാടാണ്‌ ശബരിമല യുവതി പ്രവേശന വിധിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കൈക്കൊണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് 2018 സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. അതേസമയം, ഇന്ന് ചേര്‍ന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഈ വിധി സ്റ്റേ ചെയ്തിട്ടില്ല എന്നത് എടുത്തു കാണിക്കേണ്ട വസ്തുതയാണ്. 


മത വിശ്വാസത്തിന് വലിയ പ്രധാന്യമുണ്ടെന്നാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചത്. മതം അഭിഭാജ്യ ഘടകമെന്ന് പരാമര്‍ശിച്ച അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്നംഗങ്ങള്‍ ശബരിമല യുവതി പ്രവേശന വിഷയം ഏഴംഗ വിശാല ബെഞ്ചിന് വിടണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ ഇന്ദു മല്‍ഹോത്ര, ഖാന്‍വില്‍ക്കര്‍ എന്നിവരാണ് കേസ് വിശാല ബഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടത്. 


അതേസമയം, ഭരണഘടന വിശുദ്ധ ഗ്രന്ഥമെന്ന് ജഡ്ജിമാരായ നരിമാനും ചന്ദ്രചൂഡും അഭിപ്രായപ്പെട്ടു. കൂടാതെ, പുനഃപരിശോധന ഹര്‍ജികള്‍ തള്ളണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധി ശരിവയ്ക്കുന്ന നിലപാടാണ്‌ ഇരുവരും കൈക്കൊണ്ടത്.  


ഇന്നത്തെ സുപ്രീംകോടതി നിരീക്ഷണം പരിശോധിച്ചാല്‍ ഭരണഘടനാ ബെഞ്ചിലെ മൂന്ന് അംഗങ്ങള്‍ മത വിശ്വാസത്തിനും ആചാരത്തിനും പ്രാധാന്യം കൊടുത്തപ്പോള്‍ 2 പേര്‍ ഭരണഘടനയ്ക്കാണ് പ്രാധാന്യം നല്‍കിയത്.


അതായത്, ശബരിമല യുവതി പ്രവേശന വിഷയം വിഷയത്തില്‍ ഭരണഘടന ബെഞ്ചിലെ അഞ്ചംഗങ്ങള്‍ക്കും യോജിച്ചൊരു തീരുമാനത്തിലെത്താന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം. ഇതാണ്, ശബരിമല യുവതി പ്രവേശന വിഷയം ഏഴംഗ വിശാലബെഞ്ചിന് വിടാനുള്ള മുഖ്യ കാരണം. 


അതേസമയം, ഏഴംഗ വിശാലബെഞ്ച് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തീരുമാനിക്കും.