ഇന്ധനവിലവര്‍ധന, ജി.എസ്.ടി എന്നിവയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഒക്ടോബര്‍ 13 ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍. ഈ ഹർത്താൽ ഫുട്ബോൾ പ്രേമികളോടുള്ള വെല്ലുവിളിയാണെന്ന് ബെന്യാമിന്‍ പ്രതികരിച്ചു. ഫിഫ അണ്ടര്‍-17 ലോകകപ്പിന്‍റെ ഭാഗമായുള്ള രണ്ട് മത്സരങ്ങള്‍ നിശ്ചിയിച്ചിരിക്കുന്ന ഒക്ടോബര്‍ 13ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബെന്യാമിന്‍ വിമര്‍ശനം ഉന്നയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ 13ന് കൊച്ചിയിൽ ഗ്രൂപ്പ്‌-സി മത്സരം വൈകീട്ട് 5 മണിക്കും ഗ്രൂപ്പ്‌-ഡി മത്സരം രാത്രി 8 മണിക്കുമാണ്‌ നടക്കുന്നത്‌. അപ്പോഴെങ്ങനെയാണ് മത്സരത്തെ ബാധിക്കാതെ രാവിലെ ആറു മുതൽ വൈകിട്ട്‌ ആറു വരെ ഹർത്താൽ നടത്തുകയെന്ന് ബെന്യാമിന്‍ ചോദിക്കുന്നു. 


'ഇന്നലെ കാലത്തല്ല ഇന്ധന വർദ്ധനവ്‌ ഉണ്ടായത്‌. ഇതുവരെ എവിടെ പോയിക്കിടന്നുറങ്ങുകയായിരുന്നു ഇവർ.? അനേകം വിദേശികൾ ഉൾപ്പെടെ മത്സരം കാണാനെത്തുന്നവരെ വലച്ചിട്ടു വേണോ നിങ്ങൾക്ക്‌ കേരളത്തിന്റെ 'ദേശീയോത്സവം' ആഘോഷിക്കാൻ,' ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 


ഒന്നുകിൽ ഹർത്താൽ പിൻവലിക്കുക. അല്ലെങ്കിൽ ഫുട്ബോൾ പ്രേമികൾ കൂട്ടത്തോടെ തെരുവിലിറങ്ങി ഈ അഹങ്കാരത്തെ തോൽപിക്കുകയാണ് വേണ്ടതെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.