Antony Varghese : `അഭിനയിച്ച് കൊണ്ടിരിക്കുമ്പോ പറ്റാത്ത പണിയാണ് ചെയ്യുന്നതെന്ന് വരെ പറഞ്ഞിട്ടുണ്ട്`; ഒരുപാട് സങ്കടം തോന്നിയ അനുഭവം തുറന്ന് പറഞ്ഞ് ആന്റണി വർഗീസ്
Antony Varghese Latest Interview : അത് വളരെയധികം സങ്കടമുണ്ടാക്കിയെന്നും, എന്നാൽ അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും താരം പറഞ്ഞു.
താൻ കോളേജിൽ പഠിച്ച കോളേജിൽ തന്നെ പുതിയ ചിത്രം ഷൂട്ട് ചെയ്തതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ആന്റണി വർഗീസ് പെപ്പെ. താരം പഠിച്ച മഹാരാജാസ് കോളേജിൽ തന്നെയാണ് പുതിയ ചിത്രം ഓ മേരി ലൈലയും ഷൂട്ട് ചെയ്തിരിക്കുന്നത്. വീണ്ടും പഴയ കോളേജിൽ ചെന്നത് വളരെ നല്ല ഒരു അനുഭവം തന്നെയായിരുന്നുവെന്നാണ് താരം പറയുന്നത്. പണ്ട് ആ കോളേജിൽ വെച്ച് ഷോർട്ട് ഫിലിമുകൾ ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ സംഭവങ്ങളും താരം പങ്കുവെച്ചു. ഷോട്ട് ഫിലിമിൽ അഭിനയിച്ച് കൊണ്ടിരിക്കെ കോളേജിൽ തന്നെ പഠിച്ചിരുന്ന മറ്റൊരു വിദ്യാർഥി പറ്റാത്ത പണിയാണ് ചെയ്യുന്നതെന്ന് വരെ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് താരം പറഞ്ഞു. അത് വളരെയധികം സങ്കടമുണ്ടാക്കിയെന്നും, എന്നാൽ അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും താരം പറഞ്ഞു. ഓ മേരി ലൈല സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചാനൽ കേരള ബോക്സ് ഓഫീസിനോട് സംസാരിക്കുകയായിരുന്നു താരം.
ഓ മേരി ലൈല ക്രിസ്മസ് റിലീസായി നാളെ, ഡിസംബർ 23 ന് തീയേറ്ററുകളിൽ എത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഓ മേരി ലൈല. ഒരു കോളേജ് പയ്യനായിട്ടാണ് ആന്റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ലൈലാസുരൻ എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ താരം നന്ദന രാജനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സരോജ ദേവി എന്ന കഥാപാത്രത്തെയാണ് നന്ദന ഓ മേരി ലൈലായിൽ അവതരിപ്പിക്കുന്നത്.
ആന്റണിക്കും നന്ദനയ്ക്കും ഒപ്പം ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കൽ, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ.പോൾസ് എൻറർടെയ്ൻമെന്റിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.
എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പി ആർ ഒ ശബരി. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് പെപ്പെ മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് സ്വാതന്ത്ര്യ അർധരാത്രിയിൽ, ജല്ലിക്കെട്ട്, അജഗജാന്തരം, ഇന്നലെ വരെ എന്നീ സിനിമകളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. ഈ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് പെപ്പെ ആദ്യമായി ഒരു റൊമാന്റിക് ചിത്രത്തിലൂടെ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...