ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ മുഖച്ഛായ മാറ്റിയ ബിഗ് ബോസ് മലയാളത്തില്‍ സംപ്രേഷണം ആരംഭിച്ചു. മോഹന്‍ലാല്‍ അവതാരകനാകുന്ന ഷോ ഏഷ്യാനെറ്റ് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിച്ച ഷോ രാത്രി 10 മണിക്കാണ് അവസാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ലാലേട്ടാ' എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് അവതാരകന്‍ മോഹന്‍ലാല്‍ രംഗപ്രവേശം ചെയ്തതോടെയാണ് ആദ്യ ദിവസം ആരംഭിച്ചത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ബിഗ്‌ ബോസ് വീട്ടില്‍ മലയാളം അല്ലാതെ അന്യഭാഷകള്‍ ഒന്നും സംസാരിക്കാന്‍ സാധിക്കില്ല. ഫോണ്‍, ഇന്‍റര്‍നെറ്റ്, ലാപ്‌ടോപ്‌, പത്രം, മാസിക, റേഡിയോ, പേന, പേപ്പര്‍ ഒന്നും ഈ വീട്ടില്‍ ഉണ്ടാകില്ല. വിവിധ മേഖലകളില്‍ നിന്നുള്ള 16 പേര്‍ പങ്കെടുക്കുന്ന 100 ദിവസത്തെ ഷോ ആണ് ബിഗ്‌ ബോസ്. 


ചലച്ചിത്ര താരങ്ങളായ ശ്വേത മേനോന്‍, അനൂപ്‌ ചന്ദ്രന്‍, അരിസ്റ്റോ സുരേഷ്, അതിഥി റായ്, ഡേവിഡ്‌ ജോണ്‍, ജഗതി ശ്രീകുമാറിന്‍റെ മകളും അവതാരികയുമായ ശ്രീലക്ഷ്മി, സീരിയല്‍ താരങ്ങളായ ശ്രീനിഷ് അരവിന്ദ്, ദീപന്‍ മുരളി, അര്‍ച്ചന സുശീലന്‍, ടിവി അവതാരകരായ പേര്‍ളി മാണി, രഞ്ജനി ഹരിദാസ്, സാബു മോന്‍, പ്രമുഖ ബിസിനസുകാരന്‍ മനോജ്‌ കെ വര്‍മ്മ, സോഷ്യല്‍ മീഡിയ താരം ബഷീര്‍ ഭാസി, സാമൂഹികപ്രവര്‍ത്തക ദിയ സന, നര്‍ത്തകിയും നാടക കലാകാരിയുമായ ഹിമ ശങ്കര്‍ എന്നിവരാണ് മത്സരാര്‍ത്ഥികള്‍.


ഇന്നലെ മത്സരാര്‍ത്ഥികളെ പരിചയപെടുകയും അവതാരകന്‍ എല്ലാവരെയും ബിഗ്‌ ബോസ് വീട്ടിലാക്കി പുറത്ത് നിന്നു പൂട്ടുകയും ചെയ്തു. 


സല്‍മാന്‍ ഖാനും കമല്‍ ഹാസനും യഥാക്രമം ഹിന്ദിയിലും തമിഴിലും, അവതരിപ്പിച്ച ബിഗ്‌ ബോസ് ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഏഷ്യാനെറ്റിന്‍റെ 25 മത്തെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ റിയാലിറ്റി ഷോ സംഘടിപ്പിച്ചിരിക്കുന്നത്.