ബംഗളൂരു: കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അതിനിടെ, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഷൂട്ടിങ് നടത്തിയതിന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെയാണ് മാസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ രണ്ട് താരങ്ങള്‍ മുങ്ങിമരിച്ചത്. വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന അനില്‍, രാഘവ് ഉദയ് എന്നിവരാണ് മരിച്ചത്. സിനിമയിലെ നായകനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടു. സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെ ഹെലിക്കോപ്റ്ററിൽ നിന്ന് 'തിപ്പനഗോണ്ട' തടാകത്തിലേക്ക് ചാടുമ്പോഴാണ് അപകടം.



നായകന് പിറകെ വില്ലന്മാരും കയര്‍ വഴി തടാകത്തിലേക്ക് ചാടുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. ഇവര്‍ തടാകത്തിലേക്ക് ചാടി അല്‍പം കഴിഞ്ഞപ്പോള്‍ ദുനിയാ വിജയ് നീന്തി കരയ്‌ക്കെത്തിയെങ്കിലും ഒപ്പം ചാടിയ അനിലും ഉദയും നീന്തിയെത്തിയില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ മുങ്ങിപ്പോയിരിക്കാമെന്ന നിഗമനത്തിലെത്തിയത്. രാമനഗര ജില്ലയിലെ മാഗഡി താലൂക്കിലാണ് തപ്പനഗോണ്ട തടാകം സ്ഥിതി ചെയ്യുന്നത്.