ആരാധകരുടെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ട്രോളുകൾക്ക് തടയിടാൻ ആവശ്യമായ ഹീറോയിസം യഥാർത്ഥ ജീവിതത്തിലും കാണിക്കണമെന്ന് മമ്മൂട്ടിയോട് ദീദി ദാമോദരന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആണധികാരത്താൽ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാൻസിനൊപ്പമല്ല , സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാർവ്വതിക്കൊപ്പമാണ് മമ്മൂക്ക നിൽക്കേണ്ടത്. അതാണ് യഥാർത്ഥ ഹീറോയിസമെന്നും ദീദി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 


സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകയുടെ വേദനയിൽ സാന്ത്വനമായി, സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തിൽ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണണുണ്ടാക്കുന്നതെന്നും ദീദി ചൂണ്ടിക്കാട്ടുന്നു. 


ഹീറോയിസം എന്നാൽ മൗനം കൊണ്ട് മുറിവേല്‍പിക്കലല്ല , വാക്കുകൾ കൊണ്ട് മുറിവുണക്കലാണെന്നും ദീദി കൂട്ടിച്ചേര്‍ത്തു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വതി കസബയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് മമ്മൂട്ടി ആരാധകര്‍ പാര്‍വതിക്ക് നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ദീദിയുടെ പോസ്റ്റ്. 


ദീദിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 


"നീതിക്ക് വേണ്ടി പോരാടുന്ന വെള്ളിത്തിരയിലെ നടൻ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ മാത്രമല്ല , നിത്യജീവിതത്തിലും മമ്മുക്കയുടെ സ്വരം വേദനിക്കുന്നവർക്ക് സാന്ത്വനമാകുന്നത് നേരിൽ കണ്ടാണ് ഞാൻ വളർന്നത്. സാന്ത്വന പരിചരണ പ്രസ്ഥാനമടക്കമുള്ള നിശബ്ദമായ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ ഒപ്പം പ്രവർത്തിക്കാനും അവസരമുണ്ടായിട്ടുണ്ട്.


എന്നാൽ സിനിമയിലെ സ്വന്തം സഹപ്രവത്തകയുടെ വേദനയിൽ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തിൽ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നത്. മൗനം വെടിഞ്ഞ് സ്വന്തം നിലാപാട് വ്യക്തമാക്കണമെന്നും ഫാൻസിന്റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ടോളുകൾക്ക് തടയിടാൻ ആവശ്യമായ ഹീറോയിസം യഥാർത്ഥ ജീവിതത്തിലും കാണിക്കണമെന്നുമാണ് എന്റെ അഭ്യർത്ഥന .


ഹീറോയിസം എന്നാൽ മൗനം കൊണ്ട് മുറിവേല്പിക്കലല്ല , വാക്കുകൾ കൊണ്ട് മുറിവുണക്കലാണ്.


ആണധികാരത്താൽ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാൻസിനൊപ്പമല്ല , സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാർവ്വതിക്കൊപ്പമാണ് മമ്മൂക്ക നിൽക്കേണ്ടത്. അതാണ് യഥാർത്ഥ ഹീറോയിസം . അതാണ് ഒരു യഥാർത്ഥ ഹീറോയിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതും."