Empuraan Update: ലൊക്കേഷൻ എല്ലാം റെഡി; ഇനി ഷൂട്ടിംഗ്, `എമ്പുരാൻ` ചിത്രീകരണം ഓഗസ്റ്റിൽ
ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി പൃഥ്വിരാജ് - മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണം നടക്കും.
പ്രേക്ഷകർ കാത്തിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങും. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട് കഴിഞ്ഞുവെന്നും ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ട്. ആറ് മാസമായി സംവിധായകൻ പൃഥ്വിരാജും സംഘവും ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഉത്തരേന്ത്യയിലാണ് ടീം ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും.
ഒരു തെന്നിന്ത്യൻ ചിത്രത്തിന് വേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ട് ആയിരിക്കും എമ്പുരാനായി നടത്തിയത്. കാരണം അത്രയേറെ വീഡിയോകളും ഫോട്ടോകളും പരീക്ഷിച്ച ശേഷമാണ് ടീം ലൊക്കേഷൻ ഉറപ്പിച്ചത്. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും. പൃഥ്വിരാജിനൊപ്പം ഛായാഗ്രഹകൻ സുജിത് വാസുദേവ്, കലാസംവിധായകൻ മോഹൻദാസ്, അസോസിയേറ്റ് ഡയറക്റ്റർ ബാവ തുടങ്ങിയവരാണ് ഉത്തരേന്ത്യയിൽ ലൊക്കേഷൻ ഹണ്ട് നടത്തിയത്.
മുരളി ഗോപിയാണ് എമ്പുരാനും തിരക്കഥയൊരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ അതേ മാസ്സ് എൻറർടെയിനിങ്ങ് എമ്പുരാനിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എമ്പുരാനിൽ ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അത് എമ്പുരാൻ ഇറങ്ങുമ്പോൾ കണാമല്ലോയെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...