മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്‍ മരിച്ച സംഭവത്തില്‍ തനിക്കെതിരെ പ്രേരണാകുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി നടനും സെറീന വഹാബിന്‍റെ മകനുമായ സൂരജ് പഞ്ചോളി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിയാ ഖാന്‍റെ മുന്‍ കാമുകനായ സൂരജ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. 


'എന്നെ വിട്ടു പോയ ഒരാളെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍ കോട്ടം തട്ടാതെ എന്നില്‍ ഉണ്ട്. പക്ഷേ ജീവിതം മുന്നോട്ട് പോയേ പറ്റൂ. എനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. പക്ഷേ ഞാന്‍ എന്ത് നേരിടാനും തയാറായി കഴിഞ്ഞു. എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം ഈ കേസുമായി ബന്ധപെട്ടു എനിക്ക് നഷ്ടപ്പെടുകയാണ്. പക്ഷേ എനിക്ക് ആരുടേയും സഹതാപം വേണ്ട. വിചാരണ നടക്കട്ടെ. ഈ കേസ് എത്രയും പെട്ടന്ന്‍ അവസാനിക്കണം'- സൂരജ് പറഞ്ഞു. 


ജിയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് അമ്മ റാബിയാ ഖാന്‍ നല്‍കിയ പരാതിയില്‍ മുംബൈ സെഷന്‍ കോടതിയാണ് സൂരജിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 


ജിയ ആത്മാര്‍ഥമായി പ്രണയിച്ചെങ്കിലും സൂരജ് പ്രണയം നടിക്കുകയായിരുന്നെന്നും ജിയ ഗര്‍ഭിണിയായപ്പോഴാണ് കാര്യങ്ങള്‍ വഷളായതെന്നും റാബിയ പറഞ്ഞു. 


ആശുപത്രിയില്‍ പോകാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ജിയയെ പ്രേരിപ്പിച്ചത് സൂരജാണ്. ഗര്‍ഭം നശിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ആ മാനസിക വിഷമമാണ് ജിയുടെ മരണത്തിനു കാരണമെന്നും അവര്‍ വ്യക്തമാക്കി. 


അമേരിക്കന്‍ പൌരത്വമുള്ള ജിയാ ഖാനെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജിനെ പോലീസ് അറസ്റ്റുചെയ്തത്.