വര്‍ഷങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചാണ് 65 മത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായാണ്. ശ്രീദേവിക്കു വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത് ഭര്‍ത്താവും, നിര്‍മ്മാതാവുമായ ബോണി കപൂറും, മക്കള്‍ ജാന്‍വി കപൂറും ഖുഷി കപൂറുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


ജാന്‍വി അമ്മയുടെ സാരിയണിഞ്ഞാണ് അവാര്‍ഡിന് എത്തിയത്. അടുത്ത ബന്ധുവിന്‍റെ വിവാഹത്തിനായി മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയായിരുന്നു അത്. അമ്മയെ പോലെ തന്നെ ആ സാരിയില്‍ മകളും സുന്ദരിയായിരുന്നു. അതുപോലെതന്നെ ഖുഷി സൗത്ത് ഇന്ത്യന്‍ പരമ്പരാഗതമായ വസ്ത്രത്തിലായിരുന്നു. 



‘ഇതു വളരെ അഭിമാനകരമായ ഒരു മുഹൂര്‍ത്തമാണ്‌ എങ്കിലും ശ്രീദേവി നമുക്കിടയില്‍ ഇല്ല എന്നത് ദുഃഖമാണെന്നും അവാര്‍ഡ് വാങ്ങിയശേഷം ബോണികപൂര്‍ പറഞ്ഞു. മാത്രമല്ല ഞങ്ങള്‍ ശ്രീദേവിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഇവിടെ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ ഒരുപാട് സന്തോഷിച്ചേനെയെന്നും ബോണി കപൂര്‍ പറഞ്ഞു.


 



 


സാധാരണയായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മരണാനന്തരം നല്‍കാറില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ റെഗുലേഷന്‍സില്‍ പുരസ്‌കാര ജേതാവ് നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കണം എന്നൊരു നിബന്ധനയുണ്ട്. ശ്രീദേവിയ്ക്ക് അവാര്‍ഡ് നല്‍കിയതോടെ ആ ചരിത്രമാണ് തിരുത്തിക്കുറിച്ചത്. ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാണ് ശ്രീദേവി.


കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മയുടെ കഥയാണ് ‘മോം’. ചിത്രത്തില്‍ ശ്രീദേവിയ്‌ക്കൊപ്പം നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, പാകിസ്ഥാനി താരങ്ങളായ അദ്‌നാന്‍ സിദ്ദിഖി, സജല്‍ അലി എന്നിവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്‍റെ റിലീസ് വേളയില്‍ തന്നെ ശ്രീദേവിയുടെ പ്രകടനത്തെക്കുറിച്ച് വലിയ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.