രാജ്യത്തിനകത്ത് വിവാദങ്ങളുടെ പരമ്പര തുടരുമ്പോഴും സനല്‍കുമാര്‍ ശശിധരന്‍റെ 'സെക്സി ദുര്‍ഗ' വിദേശ രാജ്യങ്ങളിലെ ചലച്ചിത്രമേളകളില്‍ അംഗീകാരം നേടി പ്രയാണം തുടരുകയാണ്. ഏറ്റവും ഒടുവില്‍ ടോക്കിയോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ്  'സെക്സി ദുര്‍ഗ' തെരഞ്ഞെടുക്കപ്പെട്ടത്. 'വേള്‍ഡ് ഫോക്കസ്' എന്ന വിഭാഗത്തിലാകും ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വര്‍ഷം ഡിസംബറില്‍ നടക്കാന്‍ പോകുന്ന ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ 'സെക്സി ദുര്‍ഗ' ഉള്‍പ്പെട്ടിരുന്നെങ്കിലും മേളയില്‍ നിന്ന് ചിത്രം പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രം അതര്‍ഹിക്കുന്ന കാറ്റഗറിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് സനല്‍കുമാര്‍ വ്യക്തമാക്കുകയും ചെയ്തു. 'മലയാള സിനിമ, ഇന്ന്' എന്ന വിഭാഗത്തിലേക്കായിരുന്നു സിനിമ പരിഗണിച്ചത്. 


സെന്‍സര്‍ ബോര്‍ഡ് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി മുംബൈയില്‍ നടക്കുന്ന മാമി ഫെസ്റ്റിവലിലും സെക്സി ദുര്‍ഗയ്ക്ക് പ്രദര്‍ശാനാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ വാര്‍ത്താ വിതരണ  മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി ഓണ്‍ലൈന്‍ ഒപ്പുശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. 


ഇതിനകം വിവിധ രാജ്യങ്ങളിലെ 45ലധികം ചലച്ചിത്രമേളകളിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. 'സെക്സി ദുര്‍ഗ'യ്ക്ക് നാൽപത്ത​ഞ്ചാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ഹിവോസ് ടൈഗർ അവാർഡും ലഭിച്ചിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് 'സെക്സി ദുര്‍ഗ'.