തിരുവനന്തപുരം: 2017ലെ ജെ.സി ദാനിയേല്‍ പുരസ്കാരത്തിന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയെ തെരഞ്ഞെടുത്തു. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. നടന്‍ മധു ചെയര്‍മാനും സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് സിയാദ് കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. 


സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നിങ്ങനെ ചലച്ചിത്രമേഖലയിലെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. അരനൂറ്റാണ്ടിലേറെയായി മലയാള ചലച്ചിത്രരംഗത്ത് നിറസാന്നിധ്യമായി നില്‍ക്കുന്ന ശ്രീകുമാരന്‍ തമ്പിക്ക് രണ്ട് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 


മലയാളചലച്ചിത്ര മേഖലക്ക് സമഗ്രസംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരമോന്നത പുരസ്കാരമാണ് ജെ.സി ദാനിയേല്‍ പുരസ്കാരം.