മിയാമി: ക്യാറ്റ്‌വാക്കിനിടിയില്‍ മകളെ മുലയൂട്ടി അമേരിക്കന്‍ മോഡല്‍. മിയാമി സ്വിം സ്യൂട്ട് ഷോയിലാണ് വ്യത്യസ്തമായ ക്യാറ്റ്‌വാക്കുമായി മാര മാര്‍ട്ടിനെന്ന അമേരിക്കന്‍ മോഡലെത്തിയത്.
 
സ്വര്‍ണ്ണ നിറമുള്ള ബിക്കിനി ധരിച്ചാണ് മാര റാംപില്‍ ചുവടുവചത്. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാൻ ബുദ്ധിമുട്ടുന്ന അമ്മമാരു‌ള്ള കാലത്താണ് അഞ്ചുമാസം പ്രായമുള്ള മകള്‍ ആരിയയ്ക്ക് മുലയൂട്ടി കൊണ്ട് മാരയെത്തിയത്.
  
പരിപാടിയുടെ ഭാഗമായുണ്ടാകുന്ന ശബ്ദകോലാഹലങ്ങള്‍ കുഞ്ഞിനെ അലോസരപ്പെടുത്താതിരിക്കാനായി കുഞ്ഞിന്‍റെ ചെവിയില്‍ നീല നിറത്തിലുള്ള ഹെഡ്‌ഫോണും വെച്ചിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞിനെ മുലയൂട്ടി റാംപിലൂടെ നടന്നുവന്ന മാരയെ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് വരവേറ്റതെങ്കിലും സൈബര്‍ ലോകത്ത് അക്രമണങ്ങള്‍ തുടങ്ങി കഴിഞ്ഞു. അമ്മയെന്ന നിലയില്‍ മാരയുടെ ഈ പ്രവര്‍ത്തി തീരെ ഉചിതമായില്ല, അശ്ലീലമാണ് എന്നൊക്കെയാണ് കുറ്റപ്പെടുത്തലുകള്‍. 


എന്നാല്‍, മകളെ മുലയൂട്ടാനുള്ള തീരുമാനം ആസൂത്രണം ചെയ്തതല്ലെന്നാണ് മാര പറയുന്നത്. കരയുന്ന കുഞ്ഞിന് മുലയൂട്ടി കൊണ്ടിരിക്കുമ്പോഴാണ് റാംപിലെത്താനുള്ള തന്‍റെ ഊഴം വന്നത്.


പിന്നെ മുലയൂട്ടി നേരെ റാംപിലേക്ക് പോകുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും മാര പറഞ്ഞു. ടീമിന്‍റെ മുഴുവന്‍ പിന്തുണയും തനിക്കുണ്ടായിരുന്നുവെന്നാണ് മാര പറയുന്നത്. 



ദിവസവും ചെയ്യുന്ന പ്രവര്‍ത്തി റാംപില്‍ ചെയ്തതിന്‍റെ പേരില്‍ മാധ്യമങ്ങളുടെ തലക്കെട്ടായി മാറിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും താന്‍ ശരിയല്ലാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും റാംപിലെ ചിത്രങ്ങള്‍ പങ്ക് വെച്ചുക്കൊണ്ട് മാര ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.


എല്ലാ സ്ത്രീകള്‍ക്കും ഇങ്ങനെ ചെയ്യാമെന്ന സന്ദേശം സ്ത്രീകളിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ വളരെയേറെ കൃതഞ്ജത തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.


പൊതുസ്ഥങ്ങളില്‍ മുലയൂട്ടുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും അമേരിക്കയില്‍ തുടരുകയാണ്. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്ന അമ്മന്മാര്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്ന ക്ഷേമപ്രവര്‍ത്തകരുടെ ആവശ്യവും ശക്തമാണ്.