മക്ക: ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് ഇന്ന് ഉച്ച മുതല്‍ തുടക്കമാകും. 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയില്‍ ഇന്ന് സംഗമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു മുന്നോടിയായുള്ള അറഫയിലേക്കുള്ള തീര്‍ഥാടക പ്രവാഹം അവസാന ഘട്ടത്തിലാണ്. ആഭ്യന്തര വിദേശ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇന്ന് അറഫയില്‍ സംഗമിക്കുക. ഇന്ന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമ സമയം.


ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള അറഫയിലെ നമീറ മസ്ജിദ് തിങ്കളാഴ്ച പുലരും മുമ്പുതന്നെ നിറഞ്ഞിരുന്നു. മിനായില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള തെരുവുകള്‍ ഞായറാഴ്ച രാത്രിയോടെ തന്നെ ജനലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.


അറഫ സംഗമത്തിന് വമ്പിച്ച ഒരുക്കമാണ് അധികൃതര്‍ നടത്തിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെ മിനായില്‍നിന്ന് മശാഇര്‍ ട്രെയിനുകള്‍ അറഫയിലേക്ക് സര്‍വിസ് തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള 68,000 ഹാജിമാര്‍ക്കാണ് ഇത്തവണ ട്രെയിന്‍ സൗകര്യം ലഭിച്ചത്. ബാക്കിയുള്ളവര്‍ക്ക് ബസിലാണ് യാത്ര. 40 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ ഊഷ്മാവ്. ചൂട് ശമിപ്പിക്കാന്‍ അറഫയിലുടനീളം കൃത്രിമ ചാറ്റല്‍മഴക്ക് വാട്ടര്‍സ്‌പ്രെയറുകള്‍ സജ്ജമാണ്.


സന്ധ്യയ്ക്കുശേഷം മുസ്ദലിഫയിലേക്കു നീങ്ങുന്ന തീര്‍ഥാടകര്‍ അവിടെ രാപാര്‍ക്കും. ജംറയില്‍ എറിയാനുള്ള കല്‍മണികള്‍ ശേഖരിച്ച് സുബ്ഹിക്കുശേഷം മിനായിലേക്കു പുറപ്പെടും.
ആദ്യ കല്ലേറുകര്‍മം പൂര്‍ത്തിയാക്കി തല മുണ്ഡനം ചെയ്യുന്നതോടെ ഹജ്ജ് ചടങ്ങുകള്‍ക്ക് അര്‍ധവിരാമമാകും. മക്കയിലെത്തി കഅബ പ്രദക്ഷിണവും സഫ-മര്‍വ നടത്തവും നിര്‍വഹിച്ചശേഷം ഇഹ്‌റാം മാറ്റി പുതുവസ്ത്രങ്ങള്‍ ധരിച്ചു തീര്‍ഥാടകര്‍ ബലി പെരുന്നാള്‍ ആഘോഷിക്കും. നാളെയാണു ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍. നാട്ടില്‍ ബുധനാഴ്ചയും.