ദുബായ്: തണുപ്പ് തുടങ്ങി സ്കൂളുകള്‍ക്ക് അവധി തുടങ്ങാന്‍ പോകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. അതുകൊണ്ട് യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിപ്പ് നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വാരാന്ത്യത്തില്‍ ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരെത്തുമാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് പരിഗണിച്ച് മൂന്ന് മണിക്കൂര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് എമിറേറ്റ്സിന്‍റെ അറിയിപ്പ്. 


ഡിസംബര്‍ 14 വെള്ളിയാഴ്ചയായിരിക്കും ഏറ്റവുമധികം തിരക്ക്. 30,000ല്‍ അധികം പേരാണ് അന്ന് യാത്ര ചെയ്യുന്നത്. അടുത്ത വെള്ളി, ശനി ദിവസങ്ങളിലും അതായത് ഡിസംബര്‍ 21, 22 തീയതികളില്‍ വിമാനത്താവളത്തില്‍ തിരക്കേറും. ഈ മാസം അവസാനം വരെ മറ്റ് ദിവസങ്ങളിലും പൊതുവേ യാത്രക്കാരുടെ എണ്ണം കൂടുതലായിരിക്കും.


വിമാനത്താവളത്തിന്‍റെ പരിസരത്തെ പ്രധാന റോഡുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാരണവും യാത്രക്കാര്‍ വൈകാന്‍ സാധ്യതയുണ്ട്. വിമാനം പുറപ്പെടുന്ന സമയത്തിന് ആറ് മണിക്കൂര്‍ മുന്‍പ് വരെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നേരിട്ടെത്തി ചെക് ഇന്‍ ചെയ്യാം. 


പരമാവധി രണ്ട് മണിക്കൂര്‍ നേരത്തെയെങ്കിലും എത്തണം. വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂറില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ എത്തുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
ഓണ്‍ലൈന്‍ വഴി കംപ്യൂട്ടറിലൂടെയും മൊബൈല്‍ ഉപകരണങ്ങള്‍ വഴിയും 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ചെക് ഇന്‍ ചെയ്യാം. വിമാനം പുറപ്പെടുന്നതിന് 90 മിനിറ്റ് മുന്‍പ് വരെയായിരിക്കും ഇങ്ങനെ ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്.