റിയാദ്: സൗദിയില്‍ മദ്യം നിയമവിധേയമാക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി അധികൃതര്‍. കുറച്ചുദിവസങ്ങളായി വിവിധ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പക്ഷെ മദ്യം വില്‍ക്കുവാനോ ഉപയോഗിക്കുവാനോ അനുമതി നല്കാന്‍ പ്രത്യേകമായ ഒരു പദ്ധതിയുമില്ലെന്നും മറിച്ചുള്ള വാര്‍ത്തകളൊക്കെ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍  അറിയിച്ചു. 


സൗദിയില്‍ മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന തരത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പും പ്രചരണമുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായ ഉപഭോക്താക്കള്‍ക്ക് മദ്യം വിളമ്പാന്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.


ലൈവ് സംഗീത പരിപാടികള്‍ക്ക് സൗദി വിനോദ അതോറിറ്റി അനുമതി നല്‍കിയതിന് പിന്നാലെ പ്രചരിച്ച ഈ വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.


രാജ്യം പരിഷ്ക്കരണ പാതയിലേക്ക് പോകുമ്പോള്‍ അതിനെ മോശമാക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ പരിഷ്ക്കാരങ്ങളൊക്കെ ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.