കുവൈത്ത്: ഗാര്‍ഹിക തൊഴില്‍ വിസയില്‍ വിദേശത്ത് നിന്ന് വനിതകളെ കൊണ്ടുവന്ന് ഹോം നേഴ്‌സ് എന്ന നിലയില്‍ നിയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി. ഇല്ലാത്ത ഏജന്‍സികളുടെ പേരില്‍ വരെ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മനുഷ്യക്കടത്തിന്റെ പേരില്‍ തിരുവനന്തപുരം സ്വദേശി എഡിസന്‍ ജോര്‍ജ് ഫെര്‍ണാണ്ടസും കൂട്ടുകാരി തമിഴ്‌നാട് സ്വദേശിനി സെലിന്‍ മേരി റോബിന്‍സനും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.


എഡിസന്‍ മുഖാന്തരം കുവൈത്തില്‍ എത്തിയ തമിഴ്‌നാട് സ്വദേശിനി നാട്ടില്‍ പോകാന്‍ അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ പരാതിയുമായി എത്തിയതാണ് മനുഷ്യക്കടത്ത് പുറത്തുവരാന്‍ ഇടയാക്കിയത്. 


കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഏതാനും വനിതകള്‍ ഇവരുടെ വലയില്‍പ്പെട്ടതായും അന്വേഷണത്തില്‍ തെളിഞ്ഞു. ലഭിക്കുന്ന വിസയുടെ സാധുതയും ജോലിയുടെ സ്വഭാവവും വിസ നല്‍കിയതായി അവകാശപ്പെടുന്ന സ്ഥാപനത്തിന് അംഗീകാരമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എംബസി വഴി അറിയാന്‍ സാധിക്കും.


അതിനൊന്നും ശ്രമിക്കാതെ ഏജന്റുമാര്‍ പറയുന്നത് വിശ്വസിക്കാന്‍ ആളുകളുണ്ടാകുന്നതാണ് തട്ടിപ്പ് തുടരുന്നതിന്റെ പ്രധാനകാരണമെന്നാണ് എംബസി അധികൃതരുടെ വിലയിരുത്തല്‍. ഒരുവര്‍ഷത്തിനിടെ ഒട്ടേറെ ആളുകളെ ഇവര്‍ കുവൈത്തില്‍ എത്തിച്ചിട്ടുണ്ട്. നേഴ്‌സിങ് പരിചയമില്ലാത്തവരെയാണ് നേഴ്‌സുമാര്‍ എന്നപേരില്‍ ഇവര്‍ വീടുകളിലേക്ക് അയച്ചിരുന്നത്.


ഗാര്‍ഹിക തൊഴില്‍ വിസയില്‍ വരുന്നവര്‍ ഒരുതരത്തിലും മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. ജോലിക്ക് നിര്‍ത്തുന്ന വീടുകളില്‍നിന്ന് ഭീമമായ തുക ഈടാക്കി ജോലി ചെയ്യുന്നവര്‍ക്ക് തുച്ഛമായ തുകയാണ് നല്‍കിയിരുന്നത്. വിസ സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ കുവൈത്തില്‍ എത്തുന്നവരാണ് വലയിലാകുന്നവരില്‍ പലരും.