Jay Shah: അമിത് ഷായുടെ മകന്‍, ഐസിസിയുടെ തലവന്‍; ജയ് ഷായുടെ ശമ്പളം, ആസ്തി എത്രയെന്ന് അറിയാമോ?

Thu, 05 Sep 2024-11:29 am,

ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സോണാൽ ഷായുടെയും മകനായി 1988 സെപ്തംബർ 22 ന് ഗുജറാത്തിലാണ് ജയ് ഷായുടെ ജനനം. ഗുജറാത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് അഹമ്മദാബാദിലെ നിർമ്മ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം നേടി (ബിടെക്). 

 

2009-ൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ (ജിസിഎ) എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായതോടെയാണ് ജയ് ഷായുടെ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷൻ കരിയർ ആരംഭിച്ചത്. 2013-ഓടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ (ജിസിഎ) ജോയിൻ്റ് സെക്രട്ടറിയായി. 2015-ൽ ബിസിസിഐയുടെ ഫിനാൻസ്, മാർക്കറ്റിംഗ് കമ്മിറ്റികളിൽ അം​ഗമായി. 

 

2019 ഒക്ടോബറിൽ ജയ് ഷാ ബിസിസിഐയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2022 ഒക്ടോബറിൽ അദ്ദേഹം രണ്ടാം തവണയും ബിസിസിഐയുടെ തലപ്പത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജയ് ഷായുടെ നേതൃത്വത്തിൻ കീഴിൽ 2022-ൽ റെക്കോർഡ് തുകയ്ക്കാണ് ഐപിഎല്ലിന്റെ മീഡിയ റൈറ്റ്സ് വിറ്റുപോയത്. 5 വർഷത്തെ റൈറ്റ്സ് ആകെ 48,390 കോടി രൂപയ്ക്കാണ് വിറ്റത്. ഈ കരാർ ഐപിഎല്ലിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്‌പോർട്‌സ് ലീഗാക്കി മാറ്റുകയും ചെയ്തു.

 

2021 ജനുവരിയിൽ ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ (എസിസി) പ്രസിഡൻ്റായി ചുമതലയേറ്റു. ഇതോടെ അദ്ദേഹത്തിൻ്റെ സ്വാധീനവും നേതൃപാടവവും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 2024 ജനുവരിയിൽ ജയ് ഷാ എസിസി പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ ഇതാ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) ചെയർമാനായി 2024 ഡിസംബർ 1-ന് ഔദ്യോഗികമായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ് ജയ് ഷാ. 

 

ജയ് ഷായുടെ ആസ്തി ഏകദേശം 124 കോടി രൂപയാണെന്നാണ് കരുതുന്നത്. ബിസിസിഐ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കവെ യാത്രാ, താമസ അലവൻസുകൾക്കും ഒപ്പം അന്താരാഷ്ട്ര മീറ്റിംഗുകൾക്കും എല്ലാമായി പ്രതിദിനം ഏകദേശം 84,000 രൂപയാണ് ജയ് ഷാ സമ്പാദിക്കുന്നത്. 

 

ബിസിസിഐയിൽ പ്രവർത്തിക്കുന്നതിന് മുമ്പ്, ടെമ്പിൾ എൻ്റർപ്രൈസസിൻ്റെ ഡയറക്ടറായിരുന്നു ജയ് ഷാ. കൂടാതെ കുസും ഫിൻസെർവിൽ 60% ഓഹരിയും സ്വന്തമാക്കിയിരുന്നു. ഈ ബിസിനസ്സ് സംരംഭങ്ങൾ അദ്ദേഹത്തിൻ്റെ സാമ്പത്തിക വിജയത്തിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link