കൊൽകത്ത: കേരളത്തില്‍ കൊച്ചിക്ക് പുറമേ  തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. കൊൽക്കത്തയിൽ ചേർന്ന ബി.സി.സി.ഐയുടെ ടൂർസ് ഫിക്സ്ചേഴ്സ് കമ്മിറ്റിയാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്‍റി-20 മത്സരം അനുവദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വര്‍ഷം അവസാനമാണ് മത്സരം നടക്കുക. മത്സരത്തില്‍ ന്യൂസിലാന്‍ഡോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളി. ഇക്കാര്യത്തിൽ ബി.സി.സി.ഐ അന്തിമ തീരുമാനം പുറത്തുവിട്ടിട്ടില്ല.


ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ് മൽസരങ്ങളിലൊന്നിന്‍റെ വേദിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.


കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനുവേണ്ടിയായിരുന്നു 240 കോടി രൂപ ചിലവിട്ട് ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമ്മിച്ചത്. കളി കാണാന്‍ അമ്പതിനായിരം പേർക്ക് ഇവിടെയിരുന്ന് സാധിക്കും. 


നിലവില്‍, ക്രിക്കറ്റിനു പുറമേ അത്ലറ്റിക്സും ഫുട്ബോളും ഉൾപ്പടെ വിവിധ മത്സരങ്ങൾക്കുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്. ദേശീയ ഗെയിംസിനുശേഷം ഇവിടെ കാര്യമായ മത്സരങ്ങളൊന്നും നടന്നിരുന്നില്ല.