ന്യൂഡല്‍ഹി: ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെ തു‍ടർന്ന് ഇന്ത്യൻ ഗുസ്തിതാരം നർസിങ് യാദവിനു റിയോ ഒളിംപിക്സ് നഷ്ടമായേക്കും. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യുടെ പരിശോധനയിൽ നർസിങ്ങിന്റെ എ സാംപിളും ബി സാംപിളും പോസിറ്റീവാണെന്നു കണ്ടെത്തി. 74 കിലോഗ്രാം വിഭാഗത്തിലാണ് നർസിങ് യാദവ് ഒളിംപിക്സ് യോഗ്യത നേടിയിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം അഞ്ചിനു നർസിങ്ങിന്‍റെ  രക്ത സാംപിളുകൾ നാഡ ശേഖരിച്ചിരുന്നു. ഇതിൽ എ സാംപിൾ പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നു ബി സാംപിൾ പരിശോധിച്ചു. ഇതും പോസിറ്റീവാണെന്നു കണ്ടെത്തിയതോടെയാണു നർസിങ്ങിനെതിരെ നടപടിക്കു സാധ്യത തെളിഞ്ഞത്.അതേസമയം, അച്ചടക്കസമിതിക്കു മുന്നിൽ നർസിങ് യാദവ് ഹാജരായെന്നും അദ്ദേഹത്തോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാഡ ഡയറക്ടർ ജനറൽ നവിൻ അഗർവാൾ പറഞ്ഞു.


74 കിലോ വിഭാഗം ഗുസ്തി മത്സരത്തിലെ താരമായ നര്‍സിങ് യാദവ് 2015 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു. ഒളിമ്പിക്സില്‍  74 കിലോ വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും നേടിയിരുന്നു. സുശീല്‍ കുമാറിന് പകരമാണ് നര്‍സിങ്ങിനെ ഒളിമ്പിക്സിനുള്ള ഗുസ്തി ടീമില്‍ ഉള്‍പ്പെടുത്തിയത്.  അതേ സമയം ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഭക്ഷണത്തില്‍ കൃത്യമം കലര്‍ത്തി തന്നെ കുടുക്കിയതാണെന്നും നര്‍സിങ് പ്രതികരിച്ചു.