HBD Rahul Dravid: ഈ ചങ്ങാതി എന്തൊരു മനുഷ്യനാണ്! സച്ചിനും ലാറയ്ക്കും കോലിയ്ക്കും ഒന്നും കിട്ടാത്ത റെക്കോര്‍ഡുകള്‍...
Happy Birthday Rahul Dravid: ഇന്ത്യയുടെ വൻമതിൽ എന്ന് വിളിക്കപ്പെടുന്ന രാഹുൽ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റിൽ തീർത്ത അഞ്ച് റെക്കോർഡുകൾ ഇപ്പോഴും ആരാലും തകർക്കപ്പെടാതെ നിലനിൽക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ഇപ്പോഴത്തെ കോച്ചുമായ രാഹുല്‍ ദ്രാവിഡിന് 50 വയസ്സ് തികഞ്ഞിരിക്കുകയാണ്. ജീവിതത്തിന്റെ ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടി, നോട്ടൗട്ട് ആയി നില്‍ക്കുന്നു എന്ന് വേണമെങ്കില്‍ ക്രിക്കറ്റ് ഭാഷയില്‍ പറയാം. സ്റ്റംപിന് മുന്നില്‍ ഇന്ത്യയുടെ വന്‍മതില്‍ എന്ന് വിശേഷിപ്പിക്കുന്ന രാഹുല്‍ ദ്രാവിഡ് ജീവിതത്തിലും അങ്ങനെ തന്നെ ആവട്ടെ എന്ന് ആശംസിക്കാം.
ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ആളാണ് ദ്രാവിഡ്. ആക്രമണോത്സുകതയില്ലാത്ത തണുപ്പന്‍ കളിക്കാരന്‍ എന്ന് ഒരുപാട് തവണ ആക്ഷേപം കേട്ടിട്ടുള്ള ദ്രാവിഡ് ചില ഘട്ടങ്ങളില്‍ ആരേയും വെല്ലുന്ന ആക്രമണകാരിയായി മാറിയതും ലോകം കണ്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ക്ക് മുന്നിലും ദ്രാവിഡ് ഒരിക്കല്‍ പോലും പതറിപ്പോയിട്ടില്ല എന്നും പറയാം. ആരും ഇതുവരെ തകര്‍ക്കാത്ത ചില റെക്കോര്‍ഡുകളും രാഹുല്‍ ദ്രാവിഡിന്റെ പേരില്‍ ഇപ്പോഴുമുണ്ട്.
Read Also: രാഹുൽ ദ്രാവിഡുമായുള്ള കരാർ 2023 ലോകകപ്പ് വരെ മാത്രം... വരും, ഈ പഴയ താരം പരിശീലകന്റെ റോളിൽ
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം ബോളുകള്‍ നേരിട്ടിട്ടുള്ള കളിക്കാരന്‍ എന്ന റെക്കോര്‍ഡ് രാഹുല്‍ ദ്രാവിഡിന്റെ പേരിലാണ്. 31,258 പന്തുകളാണ് ടെസ്റ്റില്‍ മാത്രം രാഹുല്‍ ദ്രാവിഡ് നേരിട്ടിട്ടുള്ളത്. 164 മാച്ചുകളില് 286 ഇന്നിങ്‌സുകളിലായിട്ടാണ് ദ്രാവിഡ് ഈ നേട്ടം സ്വന്തമാക്കിയത്. 32 തവണ ടെസ്റ്റില്‍ നോട്ടൗട്ട് ആയിട്ടുണ്ട് ദ്രാവിഡ്.
ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ദ്രാവിഡിനുണ്ട്. 286 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒരുതവണ പോലും ഗോള്‍ഡന്‍ ഡക്ക് ആയിട്ടില്ല അദ്ദേഹം. ഈ ഒരു നേട്ടം സ്വന്തമായിട്ടുള്ള ഒരേയൊരു താരം രാഹുല്‍ ദ്രാവിഡ് മാത്രമാണ്.
Read Also: കസേരയിൽ സാധാരണക്കാരനെ പോലെ ഒരാൾ, അത് ദ്രാവിഡായിരുന്നോ?
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം 100 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് ഉള്ള താരവും രാഹുല്‍ ദ്രാവിഡ് തന്നെയാണ്. 88 തവണയാണ് ദ്രാവിഡ് സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയത്. ഇതില്‍ 20 തവണയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു ദ്രാവിഡിന്റെ പങ്കാളി എന്നും ഓര്‍ക്കണം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ നേടിയിട്ടുള്ള താരം ആരെന്ന് ചോദിച്ചാല്‍ ഉത്തരം രാഹുല്‍ ദ്രാവിഡ് എന്നായിരിക്കില്ല. എന്നാല്‍ ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ നേടിയിട്ടുള്ളത് ദ്രാവിഡ് തന്നെ. 210 ക്യാച്ചുകളാണ് ടെസ്റ്റില്‍ മാത്രം ദ്രാവിഡിന്റെ പേരിലുള്ളത്.
തീര്‍ന്നില്ല രാഹുല്‍ ദ്രാവിഡ് റെക്കോര്‍ഡുകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം ബോളുകള്‍ നേടിയ ആള്‍ എന്നതിനൊപ്പം തന്നെ ഏറ്റവും അധികം സമയം ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ക്രീസില്‍ നിന്ന കളിക്കാരന്‍ എന്ന റെക്കോര്‍ഡും ദ്രാവിഡിന് മാത്രം സ്വന്തമാണ്. 735 മണിക്കൂറും 52 മിനിട്ടുമാണ് ദ്രാവിഡ് ബാറ്റ്‌സ്മാന്‍ ആയി ക്രീസില്‍ ചെലവഴിച്ചത്. മിനിട്ടില്‍ പറയുകയാണെങ്കില്‍ 44,152 മിനിട്ടുകള്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡ് ഒരു പ്രതിഭാസം തന്നെ ആയിരുന്നു എന്ന് തെളിയിക്കാന്‍ മേല്‍പറഞ്ഞ റെക്കോര്‍ഡുകള്‍ തന്നെ മതി. 286 ഇന്നിങ്‌സുകളില്‍ നിന്നായി അഞ്ച് ഡബിള്‍ സെഞ്ച്വറികള്‍, 36 സെഞ്ച്വറികള്‍, 63 അര്‍ദ്ധ സെഞ്ച്വറികള്‍... ഇങ്ങനെ പോകുന്നു ദ്രാവിഡിന്റെ നേട്ടക്കണക്കുകള്‍. 344 മത്സരങ്ങളിലാണ് ദ്രാവിഡ് ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ് അണിഞ്ഞത്. 10,889 റണ്, 12 സെഞ്ച്വറികള്‍, 83 അര്‍ദ്ധ സെഞ്ച്വറികള്‍ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. ടെസ്റ്റിലും ഏകദിനത്തിലും പതിനായിരം റണ്‍സ് മറികടന്ന അപൂര്‍വ്വം താരങ്ങളുടെ പട്ടികയിലും രാഹുല്‍ ദ്രാവിഡ് ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...