ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു വനിതാ സിംഗിള്‍സില്‍ സെമിഫൈനല്‍ യോഗ്യത നേടി. അഞ്ചാം സീഡായ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

37 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ജപ്പാന്‍ താരത്തിനെതിരെ ലോക രണ്ടാം നമ്പര്‍ താരമായ സിന്ധു ആധികാരിക ജയം നേടി. സ്കോര്‍ 21-12, 21-19. 


ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ ഇരുതാരങ്ങളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വിജയം അകാനെ യമാഗുച്ചിയ്ക്കായിരുന്നു. അന്നത്തെ തോല്‍വിക്ക് സിന്ധുവിന്‍റെ മധുരപ്രതികാരം കൂടിയായി ഹോങ്കോങ് ഓപ്പണിലെ വിജയം. 


ആറാം സീഡായ തായ്ലന്‍‍ഡ് താരം റാച്ചനോക്ക് ഇന്‍റനോണിനെയാണ് സെമിഫൈനലില്‍ സിന്ധുവിന് നേരിടേണ്ടത്. കഴിഞ്ഞ വര്‍ഷം നടന്ന മലേഷ്യ ഓപ്പണില്‍ തായ് താരം സിന്ധുവിനെതിരെ അട്ടിമറി വിജയം നേടിയിരുന്നു. സിന്ധു ഒഴികെയുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍ നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ആദ്യ റൗണ്ട് മത്സരങ്ങള്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്.