ബംഗുളൂരു: ഇന്ത്യ–ഓസ്​ട്രേലിയ ടെസ്​റ്റിൽ മൂന്നാം ദിനം ആവേശകരം. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ നാലിന് 213 എന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്ക് 126 റണ്‍സ് ലീഡായി. 79 റണ്‍സുമായി പൂജാരയും 40 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ 93 റണ്‍സിന്‍റെ കൂട്ടുകെട്ട് ഇതുവരെ ഇവര്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നാം ദിനത്തെ പതറിയ ബാറ്റിങ്ങിൽ നിന്നും അൽപം മെച്ചപ്പെട്ടായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാൻമാർ ക്രീസിൽ നിന്നത്. ഒാസീസ് ബൗളർമാരെ നന്നായി പഠിച്ചായിരുന്നു ഇന്ത്യൻ ബാറ്റിങ്. എങ്കിലും അർധശതകം കുറിച്ച ഓപ്പണർ ലോകേശ്​ രാഹുൽ (51), ചേതേശ്വർ പൂജാര(79) എന്നിവരൊഴികെ മറ്റുള്ളവർ കാര്യമായ സംഭാവന ചെയ്യാതെയാണ്​ മടങ്ങിയത്​.


അഭിനവ്​ മുകുന്ദ്(16)​, 15 റൺസെടുത്ത ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി, രവീന്ദ്ര ജഡേജ(2) എന്നിവരാണ്​ പുറത്തായ മറ്റുള്ളവർ. കോഹ്​ലിയുടേതുൾപ്പെടെ മൂന്ന്​ വിക്കറ്റ്​ നേടിയ ഫാസ്​റ്റ്​ ബോളർ ജോഷ്​ ഹെസൽവുഡ്​ ആണ്​ ഒാസീസ്​ നിരയിൽ തിളങ്ങിയത്​.


നേരത്തെ, ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 276 റണ്‍സിൽ അവസാനിച്ചിരുന്നു.  മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കി അശ്വിനാണ്  വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 26 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ അശ്വിന്‍ ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു.  പിന്നാലെ 40 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മാത്യു വേഡും മടങ്ങി. വേഡിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കി. അതെ ഓവറില്‍ നഥാന്‍ ലിയോണിനെയും  ജഡേജ മടക്കി. വാലറ്റക്കാരനായ ഹേസില്‍വുഡിനെ രാഹുലിന്‍റെ കൈകളിലെത്തിച്ച് ജഡേജ തന്‍റെ ആറാം വിക്കറ്റ് നേടി.