രാജ്‌കോട്ട്: ജോ റൂട്ടിന് പുറകേ മൊയിന്‍ അലിയും ബെന്‍ സ്‌റ്റോക്‌സും സെഞ്ച്വറികള്‍ നേടിയതോടെ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. 537 റണ്‍സാണ് ഇംണ്ട് ആദ്യ ഇന്നിംഗ്‌സില്‍ അടിച്ചുകൂട്ടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൊയിന്‍ അലി (117), ബെന്‍ സ്‌റ്റോക്‌സ (128) എന്നിവരാണ് രണ്ടാം ദിനം ഇംഗ്ലണ്ടിനായി തിളങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയിര്‍സ്‌റ്റോ 46 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ആദ്യ ദിനത്തില്‍ ജോയി റൂട്ട് (124) സെഞ്ച്വറി നേടിയിരുന്നു. 
ഇന്നലെ 311 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ അവസാനിച്ച കളി ഇന്ന് ആരംഭിച്ചപ്പോള്‍ മോയിന്‍ അലിയുടെ സെഞ്ച്വറിക്കാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്.  


പിന്നീട് ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചുകൊണ്ടിരുന്നു. അതേസമയം, ഇന്നലത്തെപോലെ തുടക്കത്തില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇന്ന്‍ സാധിച്ചില്ല. ഇന്ത്യയ്ക്കുവേണ്ടി രവിന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ്, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 63 റൺസെടുത്തിട്ടുണ്ട്. 25 റൺസുമായി മുരളി വിജയും 28 റൺസുമായി ഗൗതം ഗംഭീറുമാണ് ക്രീസിൽ. നാളെത്തെ ദിവസം ഈ കളിയിലെ നിര്‍ണായക ദിവസമാണ്. 


നാളെ മുതല്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാവുന്ന പിച്ചില്‍ കളിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇന്നത്തെ മികച്ച തുടക്കം നാളെയും തുടര്‍ന്നാല്‍ കളിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും.