ധര്‍മശാല: ഇന്ത്യ- ശ്രീലങ്ക ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോല്‍വിയേറ്റു വാങ്ങി. 176 പന്ത് ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിന് ലങ്ക ഇന്ത്യയെ പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടുവെച്ച 113 റണ്‍സ് വിജയലക്ഷ്യം 20.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

19 റണ്‍സെടുക്കുന്നതിനിടെ ലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് തരംഗയും മാത്യൂസും ഡിക്ക്വെല്ലയും ചേര്‍ന്ന് ലങ്കയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഗുണതിലക, തിരിമന്ന, തരംഗ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. തരംഗ 46 പന്തില്‍ 49 റണ്‍സടിച്ചു. എയ്ഞ്ചലോ മാത്യൂസ് 25 റണ്‍സുമായും ഡിക്ക്വെല്ല 26 റണ്‍സുമായും പുറത്താകാതെ നിന്നു. 
ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതിനെക്കാള്‍ വേഗത്തില്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ തിരിച്ച്‌ തിരിച്ച് കയറിയപ്പോള്‍ ഒരു ഭാഗത്ത് പിടിച്ചുനിന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയാണ് ഇന്ത്യന്‍ സ്കോര്‍ നൂറ് കടത്തിയത്.


29 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ എട്ടാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ചാണ് ഏറ്റവും ചെറിയ ഏകദിന സ്കോര്‍ എന്ന (സിംബാബ്വെ- 35 റണ്‍സ്) വലിയൊരു നാണക്കേടില്‍ നിന്ന് ധോനി രക്ഷിച്ചത്. ഒടുവില്‍ പത്താമനായി ധോനിയും വീണതോടെ ഇന്ത്യന്‍ ഇന്നിങ്സ് 112-ല്‍ അവസാനിച്ചു. 87 പന്തുകള്‍ നേരിട്ട ധോനി 10 ഫോറും 2 സിക്സും സഹിതം 65 റണ്‍സാണ് നേടിയത്. ആകെ മൂന്നു പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.