കൊളംബോ: ശ്രിലങ്കക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ 600 എന്ന കടമ്പ കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് ഏഴു വിക്കറ്റ് നഷ്ടമായി. ചായക്ക് പിരിയുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 553 റണ്‍സെടുത്തിട്ടുണ്ട്. അര്‍ദ്ധ സെഞ്ച്വറി നേടിയ ആര്‍ ആശ്വിന്‍റെയും, 20 റണ്‍സ് നേടിയ ഹാര്‍ദിക്ക് പാണ്ഡെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രംഗന ഹെറാത്തിനും മലിന്ദ പുഷ്പകുമാരയ്ക്കുമാണ് വിക്കറ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവില്‍, അര്‍ദ്ധ സെഞ്ച്വറി നേടി വൃദ്ധിമാന്‍ സാഹ(59)യും, 37റണ്‍സുമായി ജഡേജയും ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന 57 റണ്‍സിന്‍റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിട്ടുണ്ട്.


നേരത്തെ, 344 റണ്‍സ് എന്ന നിലയില്‍ ഇന്ന്‍ കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ പുജാരയുടെ വിക്കറ്റ് നഷ്ടമായി. 232 പന്തില്‍ പതിനൊന്ന് ബൗണ്ടറിയും ഒരു സിക്സുമടക്കം 133 റണ്‍സ് നേടിയ പുജാരയെ ദിമുത് കരുണരത്നെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.


രഹാനെ അശ്വിനൊപ്പം 63 റണ്‍സിന്‍റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി ഇന്ത്യയെ 400 എന്ന കടമ്പ കടക്കാന്‍ സഹായിച്ചു. ഒരു വലിയ സ്കോര്‍ രഹാനെ നേടുമെന്ന് തോന്നിയെങ്കിലും മലിന്ദ പുഷ്പകുമാരയെ ബൗണ്ടറിക്ക് പായിക്കാന്‍ ക്രീസിനു വെളിയില്‍ ഇറങ്ങിയത് വിനയായി.