ബംഗളൂരു: ഐ.പി.എല്ലിലെ കലാശപ്പോരില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ടു റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടം ചൂടി. ഹൈദരാബാദ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് ഏഴിന് 200 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദിന്റെ കന്നി കിരീടമാണിത്.വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ബാംഗ്ലൂര്‍ തകര്‍ന്നത്. ക്രിസ് ഗെയ്ല്‍(76), വിരാട് കോഹ്‌ലി(54) എന്നിവര്‍ തിളങ്ങിയെങ്കിലും മറ്റുള്ളവര്‍ക്ക് മികവിലേക്കുയരാനായില്ല.ഡിവില്ല്യേഴ്‌സ്(5) വാട്‌സന്‍(11) എന്നിവര്‍ നിരാശപ്പെടുത്തി.നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണ(69)റുടെ തകര്‍പ്പന്‍ പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓപണിങില്‍ 28 റണ്‍സ് നേടിയ ശിഖര്‍ ധവാനൊപ്പം 40 പന്തില്‍ 63 റണ്‍സ് ചേര്‍ത്ത് വാര്‍ണര്‍ ടീമിന്  മികച്ച തുടക്കം നല്‍കി. എന്നാല്‍ അശ്രദ്ധമായ ഷോട്ടിന് ശ്രമിച്ച് ധവാന്‍ പുറത്തായതോടെ ഹൈദരാബാദിന് തിരിച്ചടി നേരിട്ടു. ധവാന് പിന്നാലെ മോയ്‌സസ് ഹെന്റിക്‌സ്(4) പുറത്തായി. എന്നാല്‍ യുവരാജ് സിങ്(38) വാര്‍ണര്‍ക്കൊപ്പം ചേര്‍ന്നതോടെ സ്‌കോറിങിന് വേഗം കൂടി. ഇരുവരും ബാംഗ്ലൂരിന്റെ ബൗളര്‍മാരെ അതിര്‍ത്തി കടത്തി. 24 പന്തില്‍ അര്‍ധസെഞ്ച്വറി തികയ്ക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചു. താരത്തിന്റെ ഇന്നിങ്‌സില്‍ ആകെ എട്ടു ബൗണ്ടറിയും മൂന്നു സിക്‌സറുമുണ്ടായിരുന്നു.


ബാംഗ്ലൂരിന് ഭീഷണിയുയര്‍ത്തി മുന്നേറവേ അരവിന്ദാണ് വാര്‍ണറെ പുറത്താക്കിയത്. ദീപക് ഹൂഡ(3) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ചവച്ച ബെന്‍ കട്ടിങ്(39*) ഹൈദരാബാദിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു. 15 പന്തില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറിയും താരം പറത്തി. ബാംഗ്ലൂര്‍ ബൗളര്‍ ഷെയ്ന്‍ വാട്‌സന്‍ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് ഹൈദരാബാദ്  അടിച്ചെടുത്തത്. ഈ റണ്‍സാണ് ടീം സ്‌കോര്‍ 200 കടത്തിയതും. വാട്‌സന്‍ നാലോവറില്‍ 61 റണ്‍സാണ് വഴങ്ങിയത്. ബാംഗ്ലൂര്‍ ബൗളര്‍മാര്‍ എല്ലാവരും നന്നായി തല്ലുവാങ്ങി. മൂന്നുവിക്കറ്റെടുത്ത ജോര്‍ദാന്‍ നാലോവറില്‍ 45 റണ്‍സ് വഴങ്ങി. അരവിന്ദ് രണ്ടു വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് ചാഹലിനാണ്.


ടോസ് നേടിയ ഹൈദരാബാദ് മഴഭീതിയില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കുമായി പുറത്തായിരുന്ന മുസ്തഫിസുറഹ്മാന്‍ തിരിച്ചത്തെിയതോടെ കരുത്താര്‍ജിച്ച ഹൈദരാബാദ് തുടക്കത്തിലേ ബാംഗ്ളൂര്‍ ബൗളിങ്ങിനെ നിലംപരിശാക്കുന്നതായിരുന്നു കാഴ്ച. ഡേവിഡ് വാര്‍നറും ശിഖര്‍ ധവാനും ഒരുപോലെ നിറഞ്ഞാടിയപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയം ദര്‍ശിച്ചത് റണ്‍മഴ. എട്ടു ഫോറുകളും മൂന്നു സിക്സറുകളുമായി പഴയ ഫോമില്‍ തുടര്‍ന്ന വാര്‍നര്‍ 69 റണ്‍സുമായി ടീമിന്‍െറ നട്ടെല്ലായി നിലയുറപ്പിച്ചപ്പോള്‍ ധവാന്‍ 28 റണ്‍സെടുത്ത് ആദ്യം മടങ്ങി.കൂറ്റന്‍ അടിക്കു മുതിര്‍ന്ന ഹെന്‍റിക്വസും എളുപ്പം കൂടാരം കയറിയെങ്കിലും പിന്നീടത്തെിയ യുവരാജ് ക്ളാസിക് കളിയുമായി ടീമിനെ തിരികെയത്തെിച്ചു. ബെന്‍ കട്ടിങ്ങാണ് മാന്‍ ഓഫ് ദ മാച്ച്. വിരാട് കോഹ്ലി മാന്‍ ഓഫ് ദ സീരീസ്.