ഭുവനേശ്വര്‍: നാളെ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ  ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ ലോകകപ്പ് ട്രോഫിയുടെ ഹ്രസ്വരൂപം തയാറാക്കി സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുകയാണ് ഒഡിഷ സ്വദേശിയായ എല്‍ ഈശ്വര്‍ റാവു. 


പെന്‍സില്‍ മുനയിലും പുളിങ്കുരുവിലുമാണ് റാവു ലോകകപ്പ് ട്രോഫിയുടെ ഹ്രസ്വരൂപം തയാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടുള്ള ബഹുമാന സൂചകമായാണ് റാവു ട്രോഫിയുടെ മിനിയേച്ചറുകള്‍ തയാറാക്കിയിരിക്കുന്നത്. 



ട്രോഫി തയാറാക്കാനായി ഒരു കൂട്ടം പുളിങ്കുരു ശേഖരിച്ച റാവു അതില്‍ ട്രോഫി കൊത്തുകയും മൗലികത നിലനിര്‍ത്താനായി നിറം നല്‍കുകയും ചെയ്തു.    


മൂന്ന് സ്റ്റമ്പുകളെ വ്യക്തമായി തിരിച്ചറിയാനും അവയ്ക്ക് മുകളില്‍ പന്ത് കൊത്താനും ഏറെ പ്രയാസകരമായിരുന്നെന്നാണ് റാവു പറയുന്നത്. 


രണ്ടു ദിവസമെടുത്താണ് റാവു മിനിയേച്ചറുകള്‍ പൂര്‍ത്തിയാക്കിയത്. ഹ്രസ്വരൂപ നിര്‍മ്മാണത്തില്‍  വിദഗ്ധനായ റാവു നിരവധി പുരസ്കാരങ്ങളും റെക്കോര്‍ഡുകളും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 



നേരത്തെ ഫുട്ബോള്‍, ഹോക്കി ലോകകപ്പുകളുടെ രൂപങ്ങള്‍ റാവു ഉണ്ടാക്കിയതും വലിയ വാര്‍ത്തയായിരുന്നു.പെന്‍സില്‍, ക്രയോണ്‍, സോപ്പ്, ചോക്ക്, മെഴുകുതിരി, അരിമണി എന്നിവയിലെല്ലാം റാവു രൂപങ്ങള്‍ മെനഞ്ഞെടുത്തിട്ടുണ്ട്. 


മെയ്‌ 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.