കാബൂള്‍: താന്‍ മരിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി അഫ്ഗാന്‍ ക്രിക്കറ്റ് താരം മുഹമ്മദ്‌ നബി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഹൃദയാഘാതം മൂലം താരം മരണപ്പെട്ടെന്ന തരത്തില്‍  വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്. 


ഇതിനു തെളിവായി താരം കണ്ണടച്ചു കിടക്കുന്ന ഒരു ചിത്രവും റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്നു.


താരത്തിന്‍റെ ആരോഗ്യസ്ഥിയെക്കുറിച്ച് ആരാധകരുടെ ആശങ്ക വര്‍ധിച്ചതോടെയാണ് താരം തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 


ട്വിറ്ററിലൂടെയാണ് താരം വ്യാജ വാര്‍ത്തകളോട് പ്രതികരണം അറിയിച്ചിരിക്കുന്നത്.  


താന്‍ സുഖമായിരിക്കുന്നുവെന്നും മരണപ്പെട്ടുവെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം വ്യാജമാണെന്നും നബി ട്വിറ്ററില്‍ കുറിച്ചു.



കാബൂള്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന അഫ്ഗാന്‍ ടീമിന്‍റെ ചിത്രങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്. 


അഫ്ഗാന്റെ മിന്നും താരമായ നബി നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്.


121 ഏകദിനങ്ങളില്‍ നിന്നും 14 അര്‍ധസെഞ്ച്വറികളടക്കം 2699 റണ്‍സ് നബി നേടിയിട്ടുണ്ട്. 128 വിക്കറ്റുകളും താരം വീഴ്ത്തി. 


72 ടി20കളില്‍ നിന്നും നാലു ഫിഫ്റ്റികളും 69 വിക്കറ്റുകളും നബിയുടെ അക്കൗണ്ടിലുണ്ട്. 


നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടെസ്റ്റില്‍ നിന്നും അടുത്തിടെ അദ്ദേഹം വിരമിച്ചിരുന്നു. 


ബംഗ്ലാദേശിനെതിരേ അഫ്ഗാന്‍ 224 റണ്‍സിന്റെ വമ്പന്‍ ജയം നേടിയ മത്സരം നബിയുടെ അവസാന ടെസ്റ്റായിരുന്നു.