ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 253 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സില്‍ പുറത്തായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരവസരത്തില്‍ 18 റണ്‍സിന് നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്ത റായുഡു-ശങ്കര്‍ സഖ്യമാണ് രക്ഷിച്ചത്. റായുഡു സെഞ്ചുറിക്കരികെ പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് പാണ്ഡ്യയും രക്ഷകനായി. ഹെന്‍‌റി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്‌ത്തി. 


ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ തുടക്കത്തില്‍ തകര്‍ച്ച നേരിടുകയായിരുന്നു. അഞ്ചാം ഓവറില്‍ രോഹിത് ശര്‍മ്മയെ വീഴ്‌ത്തി മാറ്റ് ഹെന്‍‌റിയാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ ധവാനെ ബോള്‍ട്ട് ഹെന്‍‌റിയുടെ കൈകളിലെത്തിച്ചു. 


ഏഴാം ഓവറില്‍ മൂന്നാമന്‍ ഗില്ലും ഹെന്‍‌റിയുടെ പന്തില്‍ വീണു. സാന്‍റ്‌നറാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. പരുക്ക് മാറി തിരിച്ചെത്തിയ എംഎസ് ധോണിക്കും തിളങ്ങാനായില്ല. 10-ാം ഓവറില്‍ ധോണിയുടെ സ്റ്റംപ് ബോള്‍ട്ട് പിഴുതെടുത്തു. 


എന്നാല്‍ ക്രീസിലൊന്നിച്ച വിജയ് ശങ്കറും അമ്പാട്ടി റായുഡുവും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32-ാം ഓവറില്‍ നീഷാന്‍ പുറത്താക്കുമ്പോള്‍ 64 പന്തില്‍ 45 റണ്‍സെടുത്തിരുന്നു ശങ്കര്‍. 


എന്നാല്‍ ശങ്കര്‍ പുറത്തായപ്പോള്‍ കേദാര്‍ ജാദവിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ അമ്പാട്ടി റായുഡു ശ്രമിച്ചു. ഈ പോരാട്ടം 44-ാം ഓവറില്‍ ഹെന്‍‌റി അവസാനിപ്പിച്ചു. 113 പന്തില്‍ 90 റണ്‍സെടുത്ത റായുഡു സാന്‍റ്‌നറുടെ കൈകളില്‍ അവസാനിച്ചു.


രണ്ട് ഓവറുകളുടെ ഇടവേളയില്‍ കേദാര്‍ ജാദവിനെയും ഹെന്‍റി പുറത്താക്കി. 45 പന്തില്‍ 34 റണ്‍സെടുത്ത ജാദവ് ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്ത്യയുടെ സ്‌കോറുയര്‍ത്തി. 


47-ാം ഓവറില്‍ ആഷിലിനെ തുടര്‍ച്ചയായി മൂന്ന് തവണ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. 22 പന്തില്‍ 45 റണ്‍സെടുത്ത പാണ്ഡ്യയെ 49-ാം ഓവറിലെ അവസാന പന്തിലാണ് നീഷാന് പുറത്താക്കാനായത്. ബോള്‍ട്ട് എറിഞ്ഞ അവസാന ഓവറില്‍ നാലാം പന്തില്‍ ഭുവിയും, അഞ്ചാം പന്തില്‍ ഷമിയും വീണതോടെ ഇന്ത്യ ഓള്‍‌ഔട്ടായി.