ലണ്ടന്‍: ലോക കായികവേദികളിലെ വേ​ഗ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യ ജമൈക്കന്‍ സൂപ്പര്‍ താരം ഉ​സൈ​ന്‍ ബോ​ള്‍ട്ടിന് വിടവാങ്ങൽ മത്സരത്തിൽ കാലിടറി. ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍നിന്ന് വെങ്കല മെഡലുമായി ഉസൈന്‍ ബോള്‍ട്ട് പിന്‍വാങ്ങി. യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിന് സ്വര്‍ണ്ണവും യുഎസിന്‍റെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്‍റെ 100 മീറ്റര്‍ ഫൈനലില്‍ 9.95 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോള്‍ട്ടിന് മൂന്നാമതെത്താനെ കഴിഞ്ഞുള്ളൂ. തന്‍റെ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമെഡലുമായി ട്രാക്കിനോടു വിടപറയാനായില്ലെങ്കിലും 4*100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമില്‍ അംഗമായി ബോള്‍ട്ടിനെ ഒരിക്കല്‍ കൂടി മല്‍സരവേദിയില്‍ കാണാം. 200 മീറ്ററില്‍ നിന്നു പിന്‍മാറിയ ബോള്‍ട്ട് 100 മീറ്ററിലും 4*100 മീറ്റര്‍ റിലേയിലും മാത്രമേ ലണ്ടനില്‍ മല്‍സരിക്കുന്നുള്ളൂ.


മോശം തുടക്കമാണ് ഫൈനലിലും ബോള്‍ട്ടിന് വിനയായത്. ഫലമോ ഒളിംപിക്‌സില്‍ എട്ടും ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 11ഉം സ്വര്‍ണനേട്ടവുമായി ചരിത്രം തന്നെ തിരുത്തിയെഴുതി ഇതിഹാസമായി മാറിയ താരം, വെങ്കലവുമായി അത്‌ലറ്റിക്സിലെ  ഗ്ലാമര്‍ ഇനത്തോട് വിടപറഞ്ഞു. നൂറു മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് കുറിച്ച 9.58 സെക്കന്‍ഡാണ് ലോക റെക്കോര്‍ഡ്.


ബോള്‍ട്ടിന്റെ മുഖ്യ എതിരാളി യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയപ്പോള്‍ കൂക്കുവിളികളോടെയാണ് കാണികള്‍ വരവേറ്റത്. കഴിഞ്ഞ രണ്ടു ലോക ചാംപ്യന്‍ഷിപ്പുകളിലും ബോള്‍ട്ടിനു പിന്നില്‍ രണ്ടാമനായിരുന്ന ജസ്റ്റിന്‍ ഗാട്‌ലിന്‍.ഒന്നാമനായി ഓടിയെത്തിയശേഷം ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് കാണികളോട് നിശബ്ദരാകാന്‍ ആവശ്യപ്പെട്ട ഗാട്‌ലിന്‍, ട്രാക്കിനോട് വിടപറയുന്ന പ്രിയ എതിരാളിയുടെ മുന്നില്‍ മുട്ടുകുത്തിനിന്ന് ആദരമര്‍പ്പിച്ചു. 


നേരത്തെ, റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ചു കൊ​ണ്ട് വി​ര​മി​ക്കും എ​ന്നായിരുന്നു ബോൾട്ട് ആ​രാ​ധ​ക​രോ​ട് വാ​ഗ്ദാ​നം ചെ​യ്തി​രുന്നത്. എന്നാൽ, മത്സരത്തിനു മുൻപ തന്നെ ബോ​ള്‍ട്ടി​ന്‍റെ ഫോ​മി​നെ​ക്കു​റി​ച്ചാ​ണ് ആ​രാ​ധ​ക​ർ ഉത്കണ്ഠയറിയിച്ചിരുന്നു. ഒരു പതിറ്റാണ്ടു കാലത്തോളം ട്രാക്കുകളില്‍ വേഗത്തിന്‍റെ രാജാവായി നിലകൊണ്ട ഉസൈന്‍ ബോള്‍ട്ട് തന്‍റെആധിപത്യം അവസാനിപ്പിച്ച് കളമൊഴിയുകയായിരുന്നു.