മുംബൈ: പ്രീമിയര്‍ ഫുട്സാല്‍ ലീഗ് സീസണ്‍-2ന് ഇന്ന്‍ മുംബൈയില്‍ തുടക്കം കുറിക്കും. വേര്‍ളിയിലെ എന്‍.എസ്.സി.ഐ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയോടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനു ശേഷം അതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ വാരിയേഴ്സ് ഡല്‍ഹി ഡ്രാഗണ്‍സിനെ നേരിടും. വൈകിട്ട് ആറരയ്ക്കാണ് മത്സരം. സോണി ടെൻ 1/എച്ച്ഡി, സോണി ടെന്‍ 3/എച്ച്ഡി എന്നി ചാനലുകളില്‍ തത്സമയം കാണാം. 17 വരെയുള്ള മത്സരങ്ങള്‍ വേര്‍ളിയിലെ എന്‍.എസ്.സി.ഐ സ്റ്റേഡിയത്തില്‍ നടക്കും. 


അടുത്ത റൗണ്ട് മത്സരങ്ങൾ ബംഗളുരൂവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ നടക്കും. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബൈയിലാണ് നടക്കുക.


ആദ്യ സീസണില്‍ പങ്കെടുത്ത ഫുട്ബോള്‍ വമ്പന്മാരായ ലൂയിസ് ഫിഗോ, റിയാൻ ഗിഗ്സ്, പോൾ സ്കോള്‍സ്, ഹെർനാൻ ക്രെസ്പോ, മൈക്കൽ സാൽഗോഡോ, ഫാൽകാവോ, റൊണാൾഡീഞ്ഞോ എന്നിവര്‍ ഈ സീസണിലും പങ്കെടുക്കുന്നുണ്ട്.


കേരള കോബ്രാസിന്‍റെ ബ്രാന്‍ഡ്‌ അംബാസഡറായും സഹ ഉടമയായും ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ എത്തുന്നതോടെ പ്രീമിയര്‍ ഫുട്സാലിന് ആരാധകര്‍ ഏറുമെന്ന് സംഘാടകര്‍ കരുതുന്നുണ്ട്.