സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര സ്വന്തം. നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മഴമൂലം സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പരവിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി.



അഡ്ലെയ്ഡ് ടെസ്റ്റിലും മെൽബൺ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയ വിജയിച്ചിരുന്നു.


നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്. നാലാം ദിവസത്തെ കളിയും മഴ തടസപ്പെടുത്തിയിരുന്നു. ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സെന്ന നിലയിലായിരുന്നു. നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് കളി നടന്നത്.



അതേസമയം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


ഫോളോഓണ്‍ ചെയ്ത ശേഷം രണ്ടാം ഇന്നിങ്്‌സ് ആരംഭിച്ച ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴയും വെളിച്ചക്കുറവും വില്ലനായെത്തുന്നത്. നാലാം ദിവസം ആദ്യത്തേയും അവസാനത്തേയും സെഷന്‍ മഴയെടുത്തു. അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു.