ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലസ്ഥാനത്തേക്ക് മുന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രിയുടെ സാധ്യതയേറുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കേ  രവിശാസ്ത്രിയും ഇന്ത്യന്‍ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ സന്ദീപ് പാട്ടീലുമാണ് ബി.സി.സി.ഐ യെ സമീപിച്ചിട്ടുള്ളത്. അതേസമയം, പരിശീലകസ്ഥാനത്തേക്ക്  രാഹുല്‍ ദ്രാവിഡ് വ്യക്തിപരമായ കാരണങ്ങളാല്‍ അപേക്ഷ സമര്‍പ്പിക്കില്ലെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

2015ലെ ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചതോടെ സിംബാവേക്കാരന്‍ ഡങ്കന്‍ ഫ്ളച്ചറുമായുള്ള കരാറും അവസാനിച്ചു. അന്നു മുതല്‍ പുതിയ പരിശീലകനെ ബി.സി.സി.ഐ നോട്ടമിട്ടുതുടങ്ങിയതാണ്. എന്നാല്‍ താല്‍കാലികമായി രവി ശാസ്ത്രിയെ   ടീം ഡയറക്ടറായി തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് മുതല്‍ 2016  ടി20 ലോകകപ്പ്‌ വരെ ശാസ്ത്രി തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഡയറക്ടറായി തുടര്‍ന്നത്. 


ഈ മാസം ഒന്നിനാണ് പരിശീകലനാകാന്‍ താല്‍പര്യമുള്ളവരെത്തേടി  ബി.സി.സി.ഐ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ഹിന്ദി അറിഞ്ഞിരിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യക്കാരനായ പരിശീലകനെയാണ് തേടുന്നതെന്നത് വ്യക്തമാക്കുന്നതായി.


18 മാസം ടീമിനൊപ്പം ഡയറക്ടറായി പ്രവര്‍ത്തിച്ച രവിശാസ്ത്രിയാണ് ബി.സി.സി.ഐയുടെ ആദ്യ പരിഗണനയിലുള്ളത്.ബി.സി.സി.ഐ നല്‍കിയ പരസ്യത്തില്‍ പറയുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നു രവിശാസ്ത്രിയും വ്യക്തമാക്കി. കൂടാതെ ഡയറക്ടറെന്ന നിലയില്‍ ടീമിനെ ഒത്തുരമയോടെ കൊണ്ടുപോകാന്‍ ശാസ്ത്രിക്ക് സാധിച്ചെന്ന് കളിക്കാരും മുന്‍താരങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു.  അടുത്തമാസം 21 നു തുടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു മുന്പ് പുതിയ പരിശീലകന്‍ സ്ഥാനം ഏറ്റെടുക്കും.