ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ ഉമേഷ്‌ യാദവിന്‍റെ പന്തില്‍ പുറത്തായ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഗ്രൗണ്ട് വിടാന്‍ വിസമ്മതിച്ചത് നാടകീയ സംഭവങ്ങള്‍ക്ക് വഴിതെളിച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും സ്റ്റീവ് സ്മിത്തും വാക്കുകള്‍ കൊണ്ട് ഉരസി. തുടര്‍ന്ന് അമ്പയര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉമേശ് യാദവിന്‍റെ താഴ്ന്ന് വന്ന പന്തില്‍ സ്മിത്ത് എല്‍ബിഡബ്ല്യു ആവുകയായിരുന്നു. എന്നാല്‍ പിച്ച് വിട്ട് പോകാന്‍ തയ്യാറാകാതെ സ്മിത്ത് ഹാന്‍സ്കോമ്പിനോട്‌ അഭിപ്രായം ആരഞ്ഞു. എന്നാല്‍  ഹാന്‍സ്കോമ്പിനും വ്യക്തതയില്ലാഞ്ഞ സാഹചര്യത്തില്‍ ഡ്രസ്സിംഗ് റൂമിലേയ്ക്ക് നോക്കി  ഡിആര്‍എസ് വിളിക്കണമോയെന്ന സ്മിത്തും ചോദിക്കാന്‍ ഒരുങ്ങി. 



ഇതുകണ്ട് പ്രകോപിതനായ വിരാട് കൊഹ്‌ലി സ്മിത്തിനോട് മൈതാനം വിട്ട് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അമ്പയറുടെ അടുത്തും പരാതിയുമായി ഉടന്‍ കൊഹ്ലിയെത്തി.ഇതോടെ സംഭവത്തില്‍ ഇടപെട്ട അമ്പയര്‍ സ്മിത്തിനോട് മൈതാനം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.  കൊഹ്‌ലിയുടെ നിലപാടിലും തൃപ്തി തോന്നാതിരുന്ന അമ്പയര്‍മാര്‍ അദ്ദേഹത്തെ വിളിച്ചുനിര്‍ത്തി സംസാരിച്ചതിന് ശേഷമാണ് കളി വീണ്ടും തുടങ്ങിയത്.