ന്യൂഡൽഹി:ബി.സി.സി.​ഐയും ലോധ കമ്മിറ്റിയും തമ്മിലുള്ള വാദം കേൾക്കുന്നത്​ സുപ്രീംകോടതി ഈ മാസം 17 ലേക്ക് മാറ്റി. ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് ഉറപ്പ് നല്‍കണമെന്ന് നേരത്തെ സുപ്രീംകോടതി ബി.സി.സി.ഐക്ക് അന്ത്യശാസനം നല്‍കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സംസ്ഥാന അസോസിയേഷനുകള്‍ക്കുള്ള 400 കോടിയുടെ ഫണ്ട് വിതരണം ചെയ്യാനുള്ള ബി.സി.സിഐയുടെ നടപടിയ്ക്ക് സുപ്രീംകോടതി താല്‍ക്കാലിക വിലക്ക് ഏര്‍പെടുത്തി. ലോധ കമ്മിറ്റി മാനദണ്ഡം ഉണ്ടാക്കിയതിന്​ ശേഷം മാത്രമേ സംസ്​ഥാന അസോസിയേഷനുകൾക്ക്​ 400 കോടി രൂപ വിതരണം ചെയ്യാൻ പാടുള്ളുവെന്നും സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ഇന്നലെ പറഞ്ഞിരുന്നു.


ലോധ കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ നടപ്പിലാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കു​മ്പോഴായിരുന്നു സുപ്രീം കോടതി ബി.സി.സി.ഐയെ രൂക്ഷമായി വിമർശിച്ചത്​.  ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.


കേസിൽ വീണ്ടും ഒക്ടോബർ 17ന് വാദം കേൾക്കും. ലോധ സമിതി നിർദേശങ്ങളുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ ഐസിസി ചെയർമാനുമായി നടത്തിയ സംഭാഷണങ്ങൾ ഉൾപ്പെടുത്തി സ്വകാര്യ സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കുർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്


ലോധ കമ്മറ്റി മുന്നോട്ട് വെച്ച ശിപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുമെന്ന് രേഖാ മൂലം ഉറപ്പ് നല്‍കിയാല്‍ ബി.സി.സി.ഐക്കെതിരെ ഉത്തരവിറക്കില്ലെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഉറപ്പ് നല്‍കാനാകില്ലെന്ന് ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.