കാൻഡി: രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഭേദപ്പെട്ട സ്കോറുയർത്തി ശ്രീലങ്ക. എട്ടു വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 236 റൺസ് നേടി. 58 റണ്‍സടിച്ച സിരിവര്‍ദ്ധന,40 റണ്‍സ് നേടിയ കപുഗേദര എന്നിവരുടെ ഇന്നിങ്‌സുകളാണ് ലങ്കയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് എടുത്തു. 10 ഓവറില്‍ 43 റണ്‍സാണ് ബുംറ വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് നിലനിറുത്താൻ കഴിഞ്ഞില്ല. 


കൃത്യമായ ഇടവേളകളിൽ ലങ്കയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. 31 റണ്‍സെടുത്ത ഡിക്ക്‌വെല്ല പുറത്തായതിന് പിന്നാലെ ഗുണതിലക, തരംഗ, മെന്‍ഡിസ്, അയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ വിക്കറ്റുകള്‍ വീണു.


അതേസമയം, ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ അനിഷേധ്യ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ദാംബുള്ളയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്കെതിരെ കാണികൾ രോഷാകുലരായിരുന്നു. ഇന്ത്യയുമായുള്ള മൂന്ന് ടെസ്റ്റ് പരമ്പരയിലും ശ്രീലങ്ക വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിനാൽ, കനത്ത സമ്മർദ്ദത്തിലാണ് ശ്രീലങ്കൻ ടീം.