മ്യൂണിക്ക് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമൻ വമ്പന്മാരായ ബയൺ മ്യുണിക്കിന്റെ മുമ്പിൽ വീണ്ടും അടിപതറി സ്പാനിഷ് ക്ലബ് എഫ് സി ബാഴ്സലോണ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സയെ ജർമൻ ടീം തകർത്തത്. 2015ന് ശേഷം ഇതുവരെ സ്ഫാനിഷ് ക്ലബിന് ജർമൻ വമ്പന്മാർക്കെതിരെ ജയം കണ്ടെത്താൻ സാധിച്ചിട്ടില്ല. ബയണിന്റെ ആക്രമണത്തിന്റെ കുന്തമുനയായിരുന്ന പോളിഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയെ സ്പെയിനിൽ എത്തിച്ചിട്ടും ബാഴ്സയ്ക്ക് ബയണിന് മേൽ ആധിപത്യം സൃഷ്ടിക്കാനാകുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരും ബലാബലം ആക്രമണം നടത്തിയ മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലൂടെയാണ് ബയൺ ലീഡ് സ്വന്തമാക്കുന്നത്. ഹെഡ്ഡറിലൂടെ ബയണിന്റെ ഫ്രഞ്ച് പ്രതിരോധ താരം ലുക്കസ് ഹെർണാണ്ടസാണ് ആദ്യ ഗോൾ നേടുന്നത്. തുടർന്ന് 54-ാം മിനിറ്റിൽ യുവതാരം മുസേല നൽകിയ പാസുമായി ഒറ്റയ്ക്ക് മുന്നേറിയ ലിറോയി സാനെ ടെർ സ്റ്റേഗനെ മറികടന്ന് പന്ത് ബാഴ്സയുടെ വലയിൽ എത്തിച്ച് ബയണിന്റെ ലീഡ് ഉയർത്തുകയായിരുന്നു . 


ALSO READ : Chelsea FC : ട്യുഷേലിന് പകരം ഗ്രഹാം പോർട്ടർ; ചെൽസി പുതിയ കോച്ചിനെ നിയമിച്ചു


അതേസമയം മത്സരത്തിൽ ഉടനീളം നിരവധി അവസരങ്ങളാണ് ബാഴ്സ ജർമൻ ക്ലബിന്റെ ബോക്സിനുള്ളിൽ സൃഷ്ടിച്ചത്. എന്നാൽ അവയൊന്നും ഗോളാക്കി മാറ്റാൻ സ്പാനിഷ് ക്ലബിന് സാധിച്ചില്ല. ബയണിന്റെ പ്രതിരോധം മറികടന്നാൽ പിന്നാലെ മനുവേൽ ന്യൂയർ എന്ന ഗോൾകീപ്പറെ മറികടക്കേണ്ട വലിയ ഒരു പ്രതിസന്ധിയായിരുന്നു ബാഴ്സയുടെ സ്ട്രൈക്കർമാർ നേരിട്ടത്. 63-ാം മിനിറ്റിൽ മികച്ച ഒരു ടിക്കി ടാക്ക പ്രകടനത്തിലൂടെ യുവതാരം പെട്രി ന്യൂയറിന്റെ മുന്നിലെത്തിയെങ്കിലും സ്പാനിഷ്  താരത്തിന് തന്റെ മുന്നേറ്റത്തെ ജർമൻ ഗോൾകീപ്പറെ മറികടന്ന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.


ചാമ്പ്യൻസ് ലീഗിൽ മറ്റ് മത്സരങ്ങളിലായി ലിവർപൂൾ അയാക്സിനെയും ഇന്റർ മിലാൻ ചെക്ക് റിപ്പബ്ലിക്ക് ക്ലബായ വിക്ടോറിയ പ്ലസെനെയും ക്ലബ് ബ്രൂഗ്ഗ്  എഫ് സി പോർട്ടോയെയും തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാന്റെ ജയം. എന്നാൽ ബെൽജിയൻ ടീമായ ക്ലബ് ബ്രുഗ്ഗ് പോർച്ചുഗൽ ക്ലബിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തകർത്തത്. അതേസമയം ടൂർണമെന്റിൽ അന്റോണിയോ കോന്റെയുടെ ടോട്നാം സ്പോർട്ടിങ് എഫ്സിയോടും അത്ലെറ്റികോ മാഡ്രിഡ് ബയർ ലെവറൂക്സെനോടും ഫ്രഞ്ച് ക്ലബ് മാഴ്സിയ ഫ്രാങ്കഫർട്ടിനോടും തോറ്റു. 


ALSO READ : EPL : ഗണ്ണേഴ്സിന്റെ അപരാജിത യാത്ര ഓൾഡ് ട്രഫോർഡിൽ അവസാനിച്ചു; പ്രീമിയർ ലീഗിൽ ആഴ്സെനെലിനെ തകർത്ത് യുണൈറ്റഡ്


ചാമ്പ്യൻസ് ലീഗിൽ ഇന്ന് യുക്രൈനിയൻ ക്ലബ് ഷാക്തർ ഡൊനെറ്റ്സ്ക സെൽറ്റിക് എഫ്സിയെയും സിരി എ ചാമ്പ്യന്മാരായ എസി മിലാൻ ഡൈനാമോ സാഗെർബിനെയും നേരിടും. മറ്റ് മത്സരങ്ങളിലായി റേഞ്ചേഴ്സ് നാപ്പൊളിയെയും ചെൽസി ആർബി സാൽസ്ബർഗിനെയും നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ആർബി ലെയ്പിസിഗെനയും നേരിടും. മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്ട്മുണ്ട് മത്സരമാണ് ഇന്നത്തെ മറ്റൊരു പ്രധാന മത്സരം. കൂടാതെ സ്പാനിഷ് ക്ലബായ സെവ്വിയ കോപ്പെൻഹേഗൻ ടീമിനെയും യുവന്റസ് ബെനിഫിക്കയെയും പിഎസ്ജി മാക്കാബി ഹെയ്ഫയെയും നേരിടും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക