COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹി: കായിക മേഖലയ്ക്ക് അധിക തുക വകയിരുത്തി കേന്ദ്രബജറ്റ്. കായികരംഗത്തിന്‍റെ വളര്‍ച്ചയ്ക്കായി 1943 കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണയേക്കാള്‍ 350 കോടി അധികമാണ് ഇത്തവണ മേഖലയ്ക്ക് ലഭിച്ചത്. 


പ്രധാനമന്ത്രിയുടെ ഖേലോ ഇന്ത്യപദ്ധതിക്ക് 350 കോടി നല്‍കി. കഴിഞ്ഞ തവണ 140 കോടിയായിരുന്നു ഈ പദ്ധതിക്കായി മാറ്റി വച്ചത്. ബജറ്റില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. 148.4 കോടി രൂപയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കായിക വികസനത്തിനായി ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്


അതേസമയം, അംഗപരിമിതര്‍ക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. കഴിഞ്ഞ ബജറ്റില്‍ നാല് കോടിയായിരുന്നത് ഇത്തവണ ഒരു ലക്ഷം രൂപ മാത്രമാണ്. അന്തര്‍ദേശീയ കായികമേളകള്‍ക്കുള്ള താരങ്ങള്‍ക്കായി ദേശീയ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട സ്പോര്‍ട്സ് അതോറിറ്റിക്ക് 481 കോടി രൂപ ലഭിക്കും. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ കായിക മാമാങ്കങ്ങള്‍ ഈ വര്‍ഷം നടക്കാനിരിക്കെ അധിക തുക വകയിരുത്തിയത് താരങ്ങള്‍ക്ക് ഗുണകരമാകും. കഴിഞ്ഞ ബജറ്റില്‍ 416 കോടിയാണ് സ്പോര്‍ട്സ് അതോറിറ്റിക്ക് ലഭിച്ചത്.