Women In Cinema Collective: `രാജ്യത്തിന്റെ യശസ്സുയർത്തിയ റെസ്ലേഴ്സ് നീതി തേടുന്നു`; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഡബ്ല്യുസിസി
അതിനിടെ കർഷകരുടെ ഇടപെടലിനെ തുടർന്ന് മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിൻവാങ്ങിയിരുന്നു.
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. മാസങ്ങളായി ഗുസ്തിതാരങ്ങളുടെ സമരം നീളുകയാണ്. കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ വിഭാഗങ്ങളിൽ നിന്നുമുണ്ടായത്.
സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വവും വിവേചനരഹിതവുമായ ഒരു പ്രൊഫഷണൽ വർക്ക്‌സ്‌പേസ് കെട്ടിപ്പടുക്കാൻ സഹായിക്കുന്ന സംഘടനയായ ഡബ്ല്യുസിസിയും ഇപ്പോൾ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഡബ്ല്യുസിസി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. വനിതാ റെസ്റ്റലേഴ്സിനും, അവരോടൊപ്പം നിൽക്കുന്നവർക്കും, അവരുടെ നിശ്ചയദാർഢ്യത്തിനും, വിമൺ ഇൻ സിനിമ കളക്ടീവ് എല്ലാവിധ പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. ഗുസ്തി താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
വിമൺ ഇൻ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'ബേട്ടി ബചാവോ' എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും, നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണ്.
അന്താരാഷ്ട്രതലത്തിൽ നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തിയ റെസ്റ്റലേഴ്സ് നീതി തേടുകയാണെന്ന് നമുക്കറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിർദ്ദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.
നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. അത് സജ്ജമാക്കാൻ, ഉത്തരവാദിത്വപ്പെട്ട പ്രവർത്തന സംവിധാനങ്ങളുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നൽകി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്. പരാതിക്കാരെ ചേർത്ത് നിർത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്.
വളർന്ന് വരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു രാഷ്ട്രമെന്ന നിലയിൽ നാം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം ഇതാണോ?! ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്.
നമ്മുടെ കായികതാരങ്ങളുടെ ശബ്ദം വേണ്ടവിധത്തിൽ പരിഗണിക്കപെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.അധികാരവും ഉത്തരവാദിത്വവും ഒരുമിച്ച് സഞ്ചരിക്കേണ്ടവയാണ്. അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ സാഹചര്യം സംവേദനക്ഷമതയോടും ബഹുമാനത്തോടും കൂടി അടിയന്തിരമായി പരിഹരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
നീതിന്യായ വ്യവസ്ഥകളിലൂന്നി നിന്നുകൊണ്ട് പോരാട്ടം നടത്തുന്ന നമ്മുടെ വനിതാ റെസ്റ്റലേഴ്സിനും, അവരോടൊപ്പം നിൽക്കുന്നവർക്കും, അവരുടെ നിശ്ചയദാർഢ്യത്തിനും, വിമൺ ഇൻ കളക്ടീവ് എല്ലാവിധ പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.
Also Read: Wrestlers Protest: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍
ബ്രിജ് ഭൂഷൺ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രിൽ 21 മുതൽ ഗുസ്തി താരങ്ങൾ സമരം ചെയ്യുകയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ഇയാൾക്കെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്യുന്നവരെ പിന്തുണച്ച് ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരായ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ശ്രീകാന്ത് എന്നിവരാണ് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. താരങ്ങളെ തെരുവില്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഏറെ അസ്വസ്ഥതപ്പെടുത്തി എന്നും അവര്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടി മെഡല്‍ വാരിക്കൂട്ടിയ താരങ്ങളെ തെരുവില്‍ വലിച്ചിഴച്ചത് ഖേദകരമെന്നും ഇവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...