ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തകലയുടെ മുഖമായിരുന്ന മൃണാളിനി സാരാഭായിയുടെ നൂറാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. മൃണാളിനി സാരാഭായിയെയും അവരുടെ ദര്‍പണ അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഡിറ്റോറിയത്തെയും ഇന്ത്യന്‍ ശാസ്ത്രീയ നൃത്തകലകളെയും ബന്ധിപ്പിച്ചുകൊണ്ടുളളതാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ പ്രത്യക്ഷമായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ 1918 മെയ് 11 നാണ് മൃണാളിനി സാരാഭായി ജനിച്ചത്. മദ്രാസ് ഹൈക്കോടതി അഭിഭാഷകനായിരുന്ന എസ് സ്വാമിനാഥന്‍റെയും സാമൂഹ്യപ്രവര്‍ത്തകയായിരുന്ന എ വി അമ്മുക്കുട്ടിയുടെയും മൂന്ന് മക്കളില്‍ മൂന്നാമത്തെ മകളായിട്ടായിരുന്നു ജനനം. പിന്നീട് 1942 ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയെ മൃണാളിനി വിവാഹം കഴിച്ചു.


കഥകളിയിലും ഭരതനാട്യത്തിലും ചെറുപ്രായത്തില്‍ തന്നെ പരിശീലനം ആരംഭിച്ചിരുന്നു മൃണാളിനി സാരാഭായ്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഭാഗമായിരുന്ന ലക്ഷ്മി സെഹ്ഗാള്‍, മുന്‍ മദ്രാസ് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗോവിന്ദ് സ്വാമിനാഥന്‍ എന്നിവരാണ് സഹോദരങ്ങള്‍.


കേരളം ഏര്‍പ്പെടുത്തിയ നിശാഗന്ധി പുരസ്‌കാരം ഏറ്റവും ആദ്യം സമ്മാനിച്ചത് 2013 ല്‍ മൃണാളിനിക്കായിരുന്നു. 1965 ല്‍ പദ്മശ്രീ ലഭിച്ച ഇവരെ 1992 ല്‍ പദ്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1994 ല്‍ ഡല്‍ഹിയിലെ സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പും ഇവര്‍ക്ക് ലഭിച്ചു. 2016 ല്‍ 97 മത്തെ വയസിലായിരുന്നു മൃണാളിനി സാരാഭായി അന്തരിച്ചത്.